തൃശൂർ മത്സ്യ മാർക്കറ്റിൽ സംയുക്ത പരിശോധന; ഏഴരക്കിലോ പഴകിയ മത്സ്യം പിടികൂടി നശിപ്പിച്ചു
ഓപ്പറേഷൻ സാഗർറാണി രണ്ടാംഘട്ടത്തിന്റെ ഭാഗമായി ഫിഷറീസ്, ഭക്ഷ്യസുരക്ഷാ, ആരോഗ്യവകുപ്പുകൾ സംയുക്തമായി തൃശൂർ ശക്തൻമാർക്കറ്റിലെ മത്സ്യസ്റ്റാളുകളിൽ ഗുണനിലവാരപരിശോധന നടത്തി. അന്യസംസ്ഥാനങ്ങളിൽ നിന്നും പഴകിയ മീൻ എത്തുന്നു എന്ന പരാതിയെ തുടർന്നാണ് സംയുക്തപരിശോധനാ സംഘം എത്തിയത്. പുലർച്ചെ അഞ്ച് മണിയോടെ ആരംഭിച്ച പരിശോധനയിൽ ഏഴരക്കിലോ പഴകിയ മത്സ്യം പിടിച്ചെടുത്തു നശിപ്പിച്ചു.
മത്സ്യസ്റ്റാളുകളിൽ നിന്നും വിവിധ സാമ്പിളുകൾ ശേഖരിച്ച് പരിശോധനയ്ക്കായി ഭക്ഷ്യസുരക്ഷാ ലാബിലേക്ക് അയച്ചിട്ടുണ്ട്. ലാബ് റിപ്പോർട്ട് ലഭിക്കുന്നതിനനുസരിച്ച് തുടർനടപടികൾ സ്വീകരിക്കുന്നതാണ്. ഭക്ഷ്യസുരക്ഷാ ഓഫീസർ രേഖ, അസി. ഫിഷറീസ് എക്സ്റ്റൻഷൻ ലീന തോമസ്, ഹെൽത്ത് ഇൻസ്പെക്ടർ നിസാർ എ എന്നിവർ പരിശോധനയ്ക്ക് നേതൃത്വം നൽകി. പരിശോധനയിൽ മത്സ്യവിപണനത്തിൽ അനുവർത്തിക്കേണ്ട ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങളെക്കുറിച്ചും നിർദ്ദേശം നൽകി.