താലിബാൻ്റെ കൊടുംക്രൂരത, മാധ്യമ പ്രവർത്തകരെ ആക്രമിച്ച് മുറിവേൽപ്പിച്ചതിൻ്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്ത്
കാബൂളിലുണ്ടായ സ്ത്രീകളുടെ പ്രതിഷേധ പ്രകടനത്തിൻ്റെ വാർത്തകളും ചിത്രങ്ങളും പുറം ലോകത്തെത്തിച്ചതിന് മാധ്യമ പ്രവർത്തകരെ അതിക്രൂരമായി മർദിച്ചും മുറിപ്പെടുത്തിയും താലിബാൻ. അഫ്ഗാനിസ്താനിൽ നിന്നുള്ള പത്രപ്രവർത്തകരായ നേമത് നഖ്തി, താഖി ഭര്യാബി എന്നിവർക്കാണ് പീഡനം ഏൽക്കേണ്ടിവന്നത്. ശരീരത്തിൻ്റെ പുറംഭാഗത്ത് ഏറ്റ ക്രൂരമായ മർദനത്തിൽ മുറിവുകളേറ്റ നിലയിൽ അടിവസ്ത്രം ധരിച്ചു നില്ക്കുന്ന മാധ്യമ പ്രവർത്തകരുടെ ചിത്രം മർക്കസ് യാം എന്ന ട്വിറ്റർ ഹാൻഡിലാണ് പുറത്തുവിട്ടത്. ലോസ് ഏയ്ഞ്ചലസ് ടൈംസിൻ്റെ അഫ്ഗാൻ പ്രതിനിധിയാണ് മർക്കസ് യാം.
ജേണലിസം ഈസ് നോട്ട് എ ക്രൈം എന്ന ഹാഷ്ടാഗോടെയുള്ള ചിത്രങ്ങൾ ഇൻ്റർനെറ്റിൽ വൈറലായിട്ടുണ്ട്. മാധ്യമസ്വാതന്ത്ര്യം അനുവദിക്കും എന്ന താലിബാൻ്റെ അവകാശവാദം എത്ര പൊള്ളയാണെന്ന് തെളിയിക്കുന്നതാണ് പത്രപ്രവർത്തകർക്കുനേരെ നടന്നുവരുന്ന ഇത്തരം ക്രൂരമായ ആക്രമണങ്ങൾ.
കാബൂളിൽനിന്ന് പുറത്തിറങ്ങുന്ന എറ്റിലാട്രോസ് എന്ന ദിനപത്രത്തിൻ്റെ റിപ്പോർട്ടർമാരാണ് താലിബാൻ്റെ ക്രൂരതയ്ക്ക് ഇരയായത്. നേരത്തേ, പത്രത്തിൻ്റെ അഞ്ച് റിപ്പോർട്ടർമാരെ താലിബാൻ ഭരണകൂടം അറസ്റ്റ് ചെയ്തതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.
താലിബാൻ സൈന്യം പിടിച്ചുകൊണ്ടുപോയി വ്യത്യസ്ത മുറികളിലിട്ട് തങ്ങളെ ക്രൂരമായി മർദിച്ചെന്നും മുറിപ്പെടുത്തിയെന്നുമുള്ള മാധ്യമ പ്രവർത്തകരുടെ വെളിപ്പെടുത്തൽ പത്രം റിപ്പോർട്ടു ചെയ്തിട്ടുണ്ട്. "ഞങ്ങൾ മാധ്യമ പ്രവർത്തകരാണ് എന്ന് ഉറക്കെ വിളിച്ചു പറഞ്ഞു. അവർ മർദനങ്ങളും അവഹേളനവും തുടർന്നു. കൊന്നുകളയും എന്നാണ് കരുതിയത്," റിപ്പോർട്ടർമാരെ ഉദ്ധരിച്ച് എറ്റിലാട്രോസ് റിപ്പോർട്ടു ചെയ്തു.