ബിജെപിയിലെ പ്രശ്നങ്ങൾ പരിശോധിക്കാന്‍ ജെപി നദ്ദ കേരളത്തിലെത്തുന്നു
ഡൽഹി: സംസ്ഥാന ബിജെപിയിലെ സംഘടനാ പ്രശ്നങ്ങൾ പരിശോധിക്കാൻ ബിജെപി അധ്യക്ഷൻ ജെ.പി നദ്ദ കേരളത്തിലെത്തുന്നു. നേതൃത്വത്തിന്‍റെ പ്രവർത്തനങ്ങളില്‍ പ്രധാനമന്ത്രി ഉൾപ്പെടെ അതൃപ്തി പ്രകടിപ്പിച്ച സാഹചര്യത്തിലാണ് നദ്ദയുടെ കേരള സന്ദർശനം. ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി സമ്പൂർണ അഴിച്ചുപണി നടന്നേക്കുമെന്ന സൂചന ശക്തമാണ്. 25, 26 തീയതികളിലാണ് നദ്ദ കേരളത്തിൽ ക്യാമ്പ് ചെയ്യുന്നത്. അടുത്തിടെ കേരളം സന്ദർശിച്ച പ്രധാനമന്ത്രിക്ക് സംസ്ഥാന ഘടകത്തെക്കുറിച്ച് നല്ല റിപ്പോർട്ടുകൾ ലഭിച്ചില്ല. വിശ്വസനീയമായ നേതൃത്വത്തിന്‍റെ അഭാവമാണ് പാർട്ടി നേരിടുന്ന പ്രധാന വെല്ലുവിളിയെന്ന് ഒരു വിഭാഗം പ്രധാനമന്ത്രിയടക്കമുള്ളവരെ ധരിപ്പിച്ചിരിക്കുന്നത്. നേതൃത്വത്തിന്‍റെ പ്രവര്‍ത്തനങ്ങളിലെ കടുത്ത അതൃപ്തി പ്രധാനമന്ത്രി വ്യക്തമാക്കിയതിന് പിന്നാലെയാണ് നദ്ദയുടെ സന്ദര്‍ശനം. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ആകെയുള്ള ഒരു സീറ്റിലും പരാജയപ്പെട്ടു. എ-പ്ലസ് എന്ന വിലയിരുത്തിയ മണ്ഡലങ്ങളിലെ ജനപിന്തുണയും അടിക്കടി കുറയുന്നുണ്ട്. സംസ്ഥാന അധ്യക്ഷനും മകനുമടക്കം വിവാദങ്ങളില്‍ അകപ്പെട്ടു, പാർട്ടിക്കുള്ളിലുള്ളവർ പോലും നിലവിലെ നേതൃത്ത്വത്തിന്‍റെ തീരുമാനങ്ങളില്‍ അതൃപ്തരാണ് എന്നിങ്ങനെയുള്ള ഘടകങ്ങള്‍ ദേശീയ അധ്യക്ഷന്‍ പരിശോധിക്കും. ലൗ ജിഹാദ് ഉൾപ്പെടെയുള്ള വിഷയങ്ങളിൽ പാർട്ടി നിലപാടിനോട് പല ക്രിസ്ത്യൻ സഭകളും യോജിക്കുന്നു. എന്നാൽ ഈ സാഹചര്യം മുതലെടുക്കാൻ സംസ്ഥാന നേതൃത്വത്തിന് കഴിയുന്നില്ല. കെ സുരേന്ദ്രന്‍റെ മകന്‍റെ നിയമനവുമായി ബന്ധപ്പെട്ട റിപ്പോർട്ടുകളിലും ഒരു വിഭാഗം ആളുകൾക്ക് അതൃപ്തിയുണ്ട്. തൊലിപ്പുറത്തെ ചികിത്സ പോരെന്ന വിലയിരുത്തലില്‍ ദേശീയ നേതൃത്വം കേരളത്തിലെത്തുമ്പോള്‍ ലോക് സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി അടിമുടി മാറ്റം വേണമെന്ന ആവശ്യം പരിഗണിക്കാനിടയുണ്ടെന്നാണ് ചില ദേശീയ നേതാക്കള്‍ നല്‍കുന്ന സൂചന.