ഒറ്റവാക്കിൽ പറഞ്ഞാൽ അത്യുഗ്രൻ, പുതുമുഖങ്ങൾ പൂണ്ട് വിളയാടിയ മനോഹര സിനിമ; 'തിങ്കളാഴ്ച നിശ്ചയ'ത്തെപ്പറ്റി ജൂഡ് ആന്റണി
പുതുമുഖങ്ങൾ തകർത്തഭിനയിച്ച അതിമനോഹരമായ ചിത്രമാണ് 'തിങ്കളാഴ്ച നിശ്ചയം' എന്ന് സംവിധായകൻ ജൂഡ് ആന്റണി ജോസഫ്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് താൻ തിങ്കളാഴ്ച നിശ്ചയം കണ്ടെന്നും ഒറ്റ വാക്കിൽ പറഞ്ഞാൽ അത്യുഗ്രൻ ചിത്രമാണെന്നും സിനിമയെ പ്രശംസിച്ച് അദ്ദേഹം രംഗത്തുവന്നത്.
"പുതുമുഖങ്ങൾ പൂണ്ട് വിളയാടിയ മനോഹര സിനിമയാണ് തിങ്കളാഴ്ച നിശ്ചയം. ഞാൻ കാസറഗോഡ് പഠിച്ചത് കൊണ്ടാണോ എന്നറിയില്ല, സംഭാഷണങ്ങൾ ഒക്കെ അടിപൊളി. മികച്ച തിരക്കഥ, ബ്രില്യന്റ് ഡയറക്ഷൻ, സിനിമയോട് ചേർന്ന് നിൽക്കുന്ന സിനിമാട്ടോഗ്രഫി, മ്യൂസിക്, എല്ലാറ്റിനും ഉപരി ഞെട്ടിപ്പിക്കുന്ന പ്രകടനങ്ങൾ. എ മസ്റ്റ് വാച്ച് മൂവി," ഫേസ്ബുക്കിൽ ജൂഡ് കുറിച്ചു.
'മെയ്ഡ് ഇൻ കാസർകോഡ് ' എന്ന ലേബലോടെവന്ന സിനിമയെപ്പറ്റി മികച്ച പ്രതികരണങ്ങളാണ് സോഷ്യൽ മീഡിയയിൽ വരുന്നത്. ഗംഭീരം എന്നാണ് മിക്കവാറും റിവ്യൂസ് വിശേഷിപ്പിക്കുന്നത്. 51-ാമത് സംസ്ഥാന ചലച്ചിത്ര അവാർഡിൽ മികച്ച രണ്ടാമത്തെ സിനിമയ്ക്കും മികച്ച കഥയ്ക്കുമുള്ള പുരസ്കാരങ്ങൾ ചിത്രം സ്വന്തമാക്കിയിരുന്നു. 25-ാമത് അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിലേക്കും തിരഞ്ഞെടുക്കപ്പെട്ടിരുന്നു.
കാഞ്ഞങ്ങാട്ടുകാരൻ സെന്ന ഹെഗ്ഡെ സംവിധാനം ചെയ്ത ചിത്രത്തിന്റെ നിർമാണം പുഷ്കര മല്ലികാർജുനയ്യയാണ്. മനോജ് കെ യു, അജീഷ പ്രഭാകരൻ, അനഘ നാരായണൻ, ഉണ്ണിമായ നൽപ്പാടം, സുനിൽ സൂര്യ എന്നിവരാണ് ചിത്രത്തിൽ മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ശ്രീരാജ് രവീന്ദ്രൻ ഛായാഗ്രഹണവും ഹരിലാൽ രാജീവ് എഡിറ്റിങ്ങും നിർവഹിക്കുന്നു.