പെഗാസസ് ചാരക്കേസിൽ സുപ്രീംകോടതി വിധി ഇന്ന്
കോളിളക്കം സൃഷ്ടിച്ച പെഗാസസ് ചാരക്കേസിൽ കോടതിയുടെ നിരീക്ഷണത്തിലുള്ള അന്വേഷണം നടക്കുമോ എന്ന കാര്യത്തിൽ സുപ്രീം കോടതി ഇന്ന് രാവിലെ വിധി പറയും. ചീഫ് ജസ്റ്റിസ് എൻ വി രമണ, ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ഹിമ കോഹ്‌ലി എന്നിവരടങ്ങിയ മൂന്നംഗ ബെഞ്ചാണ് രാവിലെ 10.30-ന് വിധി പറയുക. വിശദമായ വാദം കേൾക്കലിനുശേഷം, അന്വേഷണത്തിന് ഒരു സ്വതന്ത്ര വിദഗ്ധ സമിതി രൂപീകരിക്കാനുള്ള ശ്രമത്തിലാണെന്ന് സുപ്രീം കോടതി നേരത്തേ വ്യക്തമാക്കിയിരുന്നു.
ഇസ്രയേലി സ്ഥാപനമായ എൻഎസ്ഒ ഗ്രൂപ്പ് നിർമിച്ച പെഗാസസ് സോഫ്റ്റ്‌വെയർ ഉപയോഗിച്ചുള്ള അനധികൃത നിരീക്ഷണത്തിൻ്റെ വിശദാംശങ്ങൾ ഹാജരാക്കാൻ സർക്കാരിനോട് ഉത്തരവിടണമെന്ന് ഹർജിക്കാരായ മുൻ കേന്ദ്രമന്ത്രി യശ്വന്ത് സിൻഹ, സിപിഎം എംപി ജോൺ ബ്രിട്ടാസ്, സുപ്രീം കോടതി അഭിഭാഷകൻ എം എൽ ശർമ, എഡിറ്റേഴ്‌സ് ഗിൽഡ് ഓഫ് ഇന്ത്യ, മാധ്യമപ്രവർത്തകർ എന്നിവർ ആവശ്യപ്പെട്ടിരുന്നു.
ദേശീയ സുരക്ഷാ പ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടി സ്പൈവെയർ ഉപയോഗിച്ചോ ഇല്ലയോ എന്ന് വെളിപ്പെടുത്താൻ വിസമ്മതിച്ച കേന്ദ്രം ഇക്കാര്യത്തിൽ വിശദമായ സത്യവാങ്മൂലം സമർപ്പിക്കാൻ കഴിയില്ലെന്ന് കോടതിയെ അറിയിച്ചിരുന്നു. എന്നാൽ സുപ്രീം കോടതിയുടെ മേൽനോട്ടത്തിൽ ഒരു സ്വതന്ത്ര വിദഗ്ധ സമിതി എന്ന നിർദേശത്തോട് എതിർപ്പ് പ്രകടിപ്പിച്ചിട്ടില്ല.