‘ദുബായ് കടപ്പുറത്ത്' ജൂനിയർ ദാസനും വിജയനും
മലയാള സിനിമയിലെ എക്കാലത്തെയും ഹിറ്റ് കോംമ്പോയാണ് മോഹൻലാൽ- ശ്രീനിവാസൻകൂട്ടിക്കെട്ട്. അക്കൂട്ടത്തിലെ പ്രധാന ചിത്രമാണ് നാടോടിക്കാറ്റ്. ചിത്രത്തിൽ ശ്രീനിവാസനും മോഹൻലാലും അവതരിപ്പിച്ച ദാസൻ, വിജയൻ എന്നീ കഥാപാത്രങ്ങൾ മലയാളികൾ ഇരുകയ്യും നീട്ടി സ്വീകരിച്ചവയാണ്. സിനിമ പുറത്തിറങ്ങി വർഷങ്ങൾ കഴിയുമ്പോൾ ജൂനിയർ ദാസനും വിജയനും വീണ്ടും ‘ദുബായ് കടപ്പുറത്ത്‘ എത്തിയിരിക്കുകയാണ്.
നാടോടിക്കാറ്റിൽ ഏറെ പ്രധാനപ്പെട്ടൊരു രംഗം ഷൂട്ട് ചെയ്തത് ബസന്ത് നഗർ ബീച്ചിൽ വച്ചായിരുന്നു. ഇവിടെ വച്ചെടുത്തൊരു ചിത്രമാണ് വിനീത് ശ്രീനിവാസൻ പങ്കുവച്ചിരിക്കുന്നത്. ഒപ്പം പ്രണവ് മോഹൻലാലും ഉണ്ട്. ഇതിനൊരു അടിക്കുറിപ്പ് ആവശ്യമില്ലെന്നായിരുന്നു ചിത്രത്തോടൊപ്പം വിനീത് കുറിച്ചത്.
‘ഹൃദയം’ സിനിമയുടെ ഷൂട്ടിനിടെ എടുത്ത ചിത്രമാണിത്. പ്രണവും ചിത്രം പങ്കുവച്ചിട്ടുണ്ട്. 'ഹൃദയത്തിന് ലഭിക്കുന്ന നിറഞ്ഞ പ്രതികരണത്തിനും സ്നേഹത്തിനും എല്ലാവർക്കും നന്ദി. അനുഗ്രഹീതനായി തോന്നുന്നു', എന്നാണ് ചിത്രത്തോടൊപ്പം പ്രണവ് കുറിച്ചത്.
ചിത്രം പുറത്തുവന്നതിന് പിന്നാലെ സിനിമാ താരങ്ങൾ അടക്കം നിരവധി പേരാണ് കമന്റുകളുമായി രംഗത്തെത്തിയത്. എല്ലാറ്റിനും അതിന്റേതായ സമയം ഉണ്ട് പ്രണവേ, പ്രണവ് എന്ന നടനും വിനീതെന്ന സംവിധായകനും .. ഹൃദയം,ദാസനും വിജയനും ലൈറ്റ് എന്നിങ്ങനെ പോകുന്നു കമന്റുകൾ.