17 ലക്ഷം മുടക്കി സ്വപ്നവാഹനത്തിന്റെ നമ്പർ സ്വന്തമാക്കി താരം

അടുത്തിടെയാണ് തെന്നിന്ത്യയിലെ സൂപ്പർതാരമായ ജൂനിയര്‍ എന്‍ ടി ആര്‍ ലംബോര്‍ഗിനിയുടെ പുതുപുത്തൻ ആഡംബര കാർ സ്വന്തമാക്കിയത്. നീറോ നോക്റ്റിസ് നിറത്തിലുള്ള ഉറുസ് ഗ്രാഫൈറ്റ് ക്യാപ്സ്യൂൾ എഡിഷനാണ് ജൂനിയർ എൻ ടി ആർ സ്വന്തമാക്കിയത്. കോടികൾ മുടക്കിയാണ് താരം ഇന്ത്യയിലെത്തിയ ലംബോര്‍ഗിനിയുടെ ഉറുസ് ഗ്രാഫൈറ്റ് ക്യാപ്‌സൂളിന്റെ ആദ്യ ഉടമസ്ഥനായത്. വാഹനത്തോടൊപ്പമുള്ള ചിത്രം താരം നേരത്തെ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരുന്നു.
ഇപ്പോൾ സ്വപ്നവാഹനത്തിന് 9999 എന്ന നമ്പര്‍ ലേലത്തില്‍ പിടിക്കുന്നതിനായി 17 ലക്ഷം രൂപയാണ് ജൂനിയര്‍ എന്‍ടിആര്‍ ചെലവാക്കിയതെന്ന് തെലങ്കാന ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു. TS 09 FS 9999 എന്ന നമ്പറാണ് താരം തന്റെ പുതിയ ലംബോര്‍ഗിനി ഉറുസ് എസ്യുവിക്ക് നല്‍കിയിരിക്കുന്നത്. താരത്തിന്റെ മറ്റൊരു വാഹനമായ ബി എം ഡബ്ല്യു സെവന്‍ സീരിസിനും 9999 നമ്പറാണ്.
സ്റ്റാൻഡേർഡ് ലംബോർഗിനി ഉറൂസിന് 3.15 കോടി രൂപയാണ് വില. വിവിധ ഓപ്ഷനുകൾക്കനുസരിച്ച് ഗ്രാഫൈറ്റ് കാപ്സ്യൂൾ പതിപ്പിന് ഒന്നുമുതൽ ഒന്നര കോടിവരെ അധിക വില നൽകണം.
2021 ഓഗസ്റ്റ് 16നായിരുന്നു ഉറൂസിന്റെ ഗ്രാഫൈറ്റ് ക്യാപ്സ്യൂൾ എഡിഷൻ ഇന്ത്യയിൽ അവതരിപ്പിച്ചത്. ഹൈദരാബാദിലെ ലംബോർഗിനി ഡീലർഷിപ്പാണ് വാഹനം വിതരണം ചെയ്തത്. എസ് എസ് രാജമൗലി ഒരുക്കുന്ന ബ്രഹ്മാണ്ഡ സിനിമയായ ആർ ആർ ആറിലാണ് ജൂനിയർ എൻടിആർ ഇപ്പോൾ അഭിനയിക്കുന്നത്.