'ഞങ്ങള്‍ അത് നേടി'; ആഹ്ളാദം പങ്കുവെച്ച് ജൂനിയര്‍ എന്‍ടിആര്‍
ഹോളിവുഡ്: 'നാട്ടു നാട്ടു'വിൻ്റെ ഓസ്കാർ നേട്ടത്തിൽ സന്തോഷം പങ്കുവെച്ച് ആർആർആർ നായകൻ ജൂനിയർ എൻടിആർ. ഞങ്ങള്‍ അത് നേടി എന്ന ക്യാപ്ഷനൊപ്പം കീരവാണി ഓസ്കാർ പുരസ്കാരവുമായി നിൽക്കുന്ന ചിത്രം ജൂനിയർ എൻടിആർ ട്വിറ്ററിൽ പോസ്റ്റ് ചെയ്തു. എസ് എസ് രാജമൗലി, എംഎം കീരവാണിയെയും ഗാനരചയിതാവ് ചന്ദ്രബോസിനെയും ജൂനിയർ എൻടിആർ തന്‍റെ പോസ്റ്റിൽ പരാമർശിച്ചിട്ടുണ്ട്. രണ്ട് പതിറ്റാണ്ടിലേറെയായി വിവിധ ഇന്ത്യൻ ഭാഷകളിൽ സൂപ്പർ ഹിറ്റ് ഗാനങ്ങൾ ചിട്ടപ്പെത്തി മുന്നേറുന്ന സമയത്താണ് കീരവാണിയുടെ ഓസ്കാർ വിജയം. 'ദേവരാഗം' ഉൾപ്പെടെ മലയാളത്തിൽ ഹിറ്റ് സംഗീതം നൽകിയ ഈ മുതിർന്ന സംഗീതജ്ഞന് കിട്ടിയ അംഗീകാരം ദക്ഷിണേന്ത്യയ്ക്കാകെ അഭിമാനമാണ്. മസാലപ്പടങ്ങളും ഡപ്പാം കൂത്തു പാട്ടും എന്ന സാധാരണ ബ്രാൻഡിൽ നിന്നും തെലുങ്ക് സിനിമയെ പാൻ-ഇന്ത്യൻ തലത്തിലേക്ക് ഉയർത്തുന്നതിൽ കീരവാണിയും എസ് എസ് രാജമൗലിയും വഹിച്ച പങ്ക് ചെറുതല്ല. ഇന്ത്യൻ സിനിമയുടെ മുഖച്ഛായ മാറ്റിയ 'ബാഹുബലി' സീരീസിന്‍റെ ആത്മാവായിരുന്നു കീരവാണിയുടെ മാജിക്കൽ സംഗീതം.