ജുറാസിക് വേൾഡ് ഡൊമിനിയൻ; ആദ്യ ട്രെയ്ലർ പുറത്തിറങ്ങി
ദിനോസറുകൾ ആധിപത്യം സ്ഥാപിക്കുന്ന കാലത്തെ അമ്പരപ്പിക്കുന്ന കാഴ്ചകളുമായി ജുറാസിക് വേൾഡ് ഡൊമിനിയൻ എന്ന ചിത്രത്തിൻ്റെ ആദ്യ ട്രെയ്ലർ പുറത്തിറങ്ങി. പ്രേക്ഷകരുടെ നെഞ്ചിടിപ്പ് കൂട്ടുന്ന രംഗങ്ങളാണ് ട്രെയ്ലറിൽ ഉള്ളത്.
യൂണിവേഴ്സൽ പിക്ചേഴ്സാണ് ചിത്രത്തിൻ്റെ നിർമാതാക്കൾ. ജുറാസിക് പാർക്ക് ഫ്രാഞ്ചൈസിയിലെ ആറാമത്തേതും ജുറാസിക് വേൾഡ് ട്രിലൊജിയിലെ അവസാനത്തേതുമാണ് ഡൊമിനിയൻ.
കോളിൻ ട്രെവോറോ ആണ് ചിത്രത്തിൻ്റെ സംവിധായകൻ. എമിലി കാർമൈക്കിളിനൊപ്പം ചേർന്ന് ട്രെവോറോ തന്നെയാണ് ചിത്രത്തിൻ്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഫ്രാങ്ക് മാർഷലും പാട്രിക് ക്രൗലിയും നിർമിക്കുന്ന ചിത്രത്തിൽ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർമാരായി ട്രെവോറോയും ജുറാസിക് പാർക്ക് (1993) സംവിധായകൻ സ്റ്റീവൻ സ്പിൽബർഗുമുണ്ട്.
ക്രിസ് പ്രാറ്റ്, ബ്രൈസ് ഡാളസ് ഹോവാർഡ്, ലോറ ഡെർൺ, സാം നീൽ, ജെഫ് ഗോൾഡ്ബ്ലം, ഡാനിയേല പിനേഡ, ഇസബെല്ല സെർമോൺ, ജസ്റ്റിസ് സ്മിത്ത്, ഒമർ സൈ, ബിഡി വോംഗ് എന്നിവരാണ് മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഈ വർഷം ജൂൺ 10-ന് ചിത്രം റിലീസ് ചെയ്യും.