ഇന്ത്യയുടെ അന്‍പതാമത് ചീഫ് ജസ്റ്റിസ്; ജസ്റ്റിസ് ധനഞ്ജയ യശ്വന്ത് ചന്ദ്രചൂഢ് ഇന്ന് ചുമതലയേല്‍ക്കും

ജസ്റ്റിസ് ധനഞ്ജയ യശ്വന്ത് ചന്ദ്രചൂഡ് ഇന്ത്യയുടെ 50-ാമത് ചീഫ് ജസ്റ്റിസായി ഇന്ന് ചുമതലയേൽക്കും. രാവിലെ രാഷ്ട്രപതി ഭവനിലാണ് സത്യപ്രതിജ്ഞാ ചടങ്ങ് നടക്കുക. ഇന്ത്യയുടെ 16-ാമത് ചീഫ് ജസ്റ്റിസായ ജസ്റ്റിസ് വൈ.വി.ചന്ദ്രചൂഡിന്‍റെ മകൻ സ്ഥാനമേൽക്കുമ്പോൾ അത് സുപ്രീം കോടതിയുടെ ചരിത്രത്തിൽ ഇടം പിടിക്കും. ജസ്റ്റിസ് യുയു ലളിതിന്‍റെ പിൻഗാമിയായാണ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അടുത്ത ചീഫ് ജസ്റ്റിസാകുക. ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡിന്‍റെ നീതിന്യായ നിർവഹണത്തെ വലിയ പ്രതീക്ഷകളോടെയാണ് രാജ്യം ഉറ്റുനോക്കുന്നത്. ഡൽഹി ഐ.ഐ.ടിയിൽ ഒരു ചടങ്ങ് നടക്കവേ, വിദ്യാർത്ഥികളിൽ ഒരാൾ ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിനോട് ചോദിച്ചു. "ജുഡീഷ്യറിയിലെ പക്ഷപാതത്തെക്കുറിച്ച് എന്താണഭിപ്രായം?" ഒരു കുഴപ്പം പിടിച്ച ചോദ്യമാണ്. വേണമെങ്കിൽ ഒഴിഞ്ഞുമാറാം. എന്നാൽ അദ്ദേഹം ആ ചോദ്യത്തിനുള്ള ഉത്തരം നൽകി. "ഒരു ന്യായാധിപന്‍ ആദ്യം സ്വന്തം മനസിലുള്ള പക്ഷപാതം തിരിച്ചറിഞ്ഞ് അംഗീകരിക്കണം. അതാണ് നീതിനിര്‍വഹണത്തില്‍ നിക്ഷ്പക്ഷത ഉറപ്പാക്കാനുള്ള ആദ്യചുവട്." അദ്ദേഹത്തിന്റെ മറുപടി ശ്രദ്ധേയമായിരുന്നു.

Related Posts