ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഢ് ഇന്ത്യയുടെ അമ്പതാമത് ചീഫ് ജസ്റ്റിസാകും
ന്യൂഡൽഹി: ഇന്ത്യയുടെ 50-ാമത് ചീഫ് ജസ്റ്റിസായി ഡോ. ധനഞ്ജയ് യശ്വന്ത് ചന്ദ്രചഢിനെ നിയമിക്കാൻ ശുപാർശ. ചീഫ് ജസ്റ്റിസ് യു.യു ലളിതാണ് ശുപാർശ കേന്ദ്ര നിയമ മന്ത്രാലയത്തിന് കൈമാറിയത്. നവംബർ 9ന് അദ്ദേഹം സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. ശുപാർശയുടെ പകർപ്പ് രാവിലെ പത്ത് മണിക്ക് സുപ്രീം കോടതിയിലെ ജഡ്ജസ് ലോഞ്ചിലെ ജഡ്ജിമാരുടെ സാന്നിധ്യത്തിൽ നിയുക്ത ചീഫ് ജസ്റ്റിസിന് ചീഫ് ജസ്റ്റിസ് യു.യു.ലളിത് കൈമാറി. ചീഫ് ജസ്റ്റിസിന്‍റെ പദവിയിൽ രണ്ട് വർഷത്തെ കാലാവധിയാണ് ഡി.വൈ ചന്ദ്രചൂഡിന് അനുവദിച്ചിരിക്കുന്നത്. 2024 നവംബർ 10ന് ആയിരിക്കും അദ്ദേഹം വിരമിക്കുക. 2016 മെയ് 13 നാണ് അദ്ദേഹം സുപ്രീം കോടതി ജഡ്ജി ആയി ചുമതലയേൽക്കുന്നത്. അതിനുമുമ്പ് രണ്ട് വർഷവും ഏഴ് മാസവും അലഹബാദ് ഹൈക്കോടതി ചീഫ് ജസ്റ്റിസായിരുന്നു. 2000 മാർച്ച് 29ന് ബോംബെ ഹൈക്കോടതിയിലെ അഡീഷണൽ ജഡ്ജിയായി നിയമിതനായി. അലഹബാദ് ഹൈക്കോടതി ചീഫ് ജസ്റ്റിസാകുന്നതുവരെ ബോംബെ ഹൈക്കോടതിയിൽ സേവനമനുഷ്ഠിച്ചു. 1998 മുതൽ ബോംബെ ഹൈക്കോടതി ജഡ്ജിയാകുന്നതുവരെ കേന്ദ്ര സർക്കാരിന്റെ അഡീഷണൽ സോളിസിറ്റർ ജനറലായും സേവനമനുഷ്ഠിച്ചു. ഡൽഹിയിലെ സെന്‍റ് സ്റ്റീഫൻസ് കോളേജിൽ നിന്ന് ബിരുദം നേടി. ഡൽഹി സർവകലാശാലയിൽ നിന്ന് നിയമത്തിൽ ബിരുദം നേടിയ അദ്ദേഹം ഹാർവാർഡ് സർവകലാശാലയിൽ നിന്ന് ബിരുദാനന്തര ബിരുദവും നിയമത്തിൽ പിഎച്ച്ഡിയും നേടി.