വനിതാ തടവുകാരുടെ പുനരധിവാസം നേരിടുന്നത് ഗുരുതര വെല്ലുവിളികൾ: സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എൻ വി രമണ.

തടവറയിൽ കഴിഞ്ഞ സ്ത്രീകൾ പുറത്തിറങ്ങിയാൽ അനുഭവിക്കുന്നത് ഗുരുതരമായ വെല്ലുവിളികളാണെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എൻ വി രമണ. കടുത്ത വിവേചനവും മാനഹാനിയും ബഹിഷ്കരണവും ഉൾപ്പെടെ സ്ത്രീ തടവുകാർ നിരവധി പ്രശ്നങ്ങളാണ് സമൂഹത്തിൽ അഭിമുഖീകരിക്കുന്നത്.

ഒരു ക്ഷേമരാഷ്ട്രം എന്ന നിലയിൽ വനിതാ തടവുകാരുടെ പുനരധിവാസം സമൂഹത്തിൻ്റെ ഉത്തരവാദിത്തമാണെന്ന് ചീഫ് ജസ്റ്റിസ് ഓർമിപ്പിച്ചു. പുരുഷ തടവുകാർക്കൊപ്പം തുല്യനിലയിൽ വനിതാ തടവുകാരെയും സമൂഹത്തിലേക്ക് ഉൾച്ചേർക്കാൻ നമുക്ക് കഴിയണം. അതിനുള്ള പ്രത്യേക പദ്ധതികളും സേവനങ്ങളും ആവിഷ്കരിച്ച് നടപ്പിലാക്കണം. വിദ്യാഭ്യാസ മേഖലയിലും തൊഴിൽ അവസരങ്ങൾ ലഭിക്കുന്നതിലും സ്ത്രീ തടവുകാർ വിവേചനം അനുഭവിക്കുന്നുണ്ട്. തുല്യ ജോലിക്ക് തുല്യ വേതനവും അവർക്ക് ലഭിക്കുന്നില്ല.

ലീഗൽ സർവീസസ് അതോറിറ്റി സംഘടിപ്പിച്ച പരിപാടിയിലാണ് സ്ത്രീ തടവുകാർ നേരിടുന്ന സാമൂഹ്യമായ വെല്ലുവിളികളെപ്പറ്റി ചീഫ് ജസ്റ്റിസ് സംസാരിച്ചത്. സെപ്റ്റംബർ 11 ന് നടന്ന ലോക് അദാലത്തിലൂടെ 29.5 ലക്ഷം കേസുകൾ തീർപ്പാക്കിയ സംഘടനയുടെ പ്രവർത്തനത്തെ അദ്ദേഹം ശ്ലാഘിച്ചു.

Related Posts