ജസ്റ്റിസ് സരസ വെങ്കടനാരായണ ഭട്ടി കേരള ഹൈക്കോടതി പുതിയ ചീഫ് ജസ്റ്റിസ്
കൊച്ചി: കേരള ഹൈക്കോടതിയുടെ പുതിയ ചീഫ് ജസ്റ്റിസായി ജസ്റ്റിസ് സരസ വെങ്കടനാരായണ ഭട്ടിയെ നിയമിച്ചു. സുപ്രീംകോടതി കൊളീജിയം ശുപാര്‍ശ നിയമമന്ത്രാലയം അംഗീകരിച്ചു. ആന്ധ്രാ പ്രദേശ് സ്വദേശിയായ എസ് വി ഭട്ടിയാണ് നിലവില്‍ ആക്ടിങ് ചീഫ് ജസ്റ്റിസ്. ചീഫ് ജസ്റ്റിസായിരുന്ന എസ് മണികുമാര്‍ വിരമിച്ച ഒഴിവിലാണ് ഭട്ടി പുതിയ ചീഫ് ജസ്റ്റിസ് ആയി ചുമതലയേല്‍ക്കുന്നത്.
ആന്ധ്രാപ്രദേശിലെ ചിറ്റൂര്‍ ആണ് എസ് വി ഭട്ടിയുടെ സ്വദേശം. ബെംഗളൂരു ജെ ആര്‍ കോളജില്‍ നിന്ന് ആണ് നിയമ ബിരുദം കരസ്ഥമാക്കുന്നത്. 1987 ല്‍ ആന്ധ്ര ഹൈക്കോടതിയില്‍ അഭിഭാഷകനായി എന്റോള്‍ ചെയ്തു. 2013 ല്‍ ആണ് ആന്ധ്ര ഹൈക്കോടതിയില്‍ അഡിഷണല്‍ ജഡ്ജിയാകുന്നത്. 2019 മാര്‍ച്ചില്‍ ആണ് കേരള ഹൈക്കോടതിയില്‍ ജഡ്ജിയായി നിയമിതനായത്.
ആന്ധ്രാപ്രദേശ് ഹൈക്കോടതിയില്‍ സര്‍ക്കാരിന്റെ പ്രത്യേക പ്ലീഡറായും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഭാരത് ഹെവി ഇലക്ട്രിക്കല്‍സ് ലിമിറ്റഡ്, ആന്ധ്രാപ്രദേശ് മലിനീകരണ നിയന്ത്രണ ബോര്‍ഡ്, ഹിന്ദുസ്ഥാന്‍ ഷിപ്പ്യാര്‍ഡ്, നാഷണല്‍ മാരിടൈം യൂണിവേഴ്‌സിറ്റി തുടങ്ങി നിരവധി പൊതുമേഖലാ കമ്പനികളുടെ സ്റ്റാന്‍ഡിംഗ് കൗണ്‍സലായിരുന്നു. പരിസ്ഥിതി നിയമങ്ങളില്‍ വിദഗ്ധനാണ് ഭാട്ടി.
സിവില്‍ നിയമങ്ങള്‍, തൊഴില്‍, വ്യാവസായിക നിയമങ്ങള്‍, ഭരണഘടനാപരമായ കാര്യങ്ങള്‍ എന്നിവയിലും പ്രത്യേക താല്‍പ്പര്യമുണ്ട്. കേരള ഹൈക്കോടതി ഡജഡ്ജിയായിരിക്കെ നികുതി ആനുകൂല്യങ്ങള്‍ക്കായി പുതുച്ചേരിയിലെ വാഹന രജിസ്‌ട്രേഷന്‍, കന്യാസ്ത്രീകള്‍ സമ്പാദിക്കുന്ന വരുമാനത്തിലെ ടിഡിഎസ് ശേഖരം എന്നിങ്ങനെ വിവിധ വിഷയങ്ങളില്‍ ജസ്റ്റിസ് ഭട്ടി സുപ്രധാനമായ വിധിന്യായങ്ങള്‍ നല്‍കിയിട്ടുണ്ട്.
മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ള ലോട്ടറി ടിക്കറ്റ് വില്‍പന നിയന്ത്രിക്കാനും ജിഎസ്ടിയിലെ 101-ാം ഭരണഘടനാ ഭേദഗതിയ്ക്കും സംസ്ഥാന സര്‍ക്കാരിന് അധികാപം നല്‍രുന്നതടക്കമുള്ള ഉത്തരവുകളിലും ഭാട്ടി ഭാഗമായിരുന്നു.