തിരുവനന്തപുരം മേയർക്കെതിരായ പരാമർശങ്ങളിൽ ഖേദം പ്രകടിപ്പിച്ച് കെ മുരളീധരൻ
തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രനെതിരായ വ്യക്തിപരമായ പരാമർശങ്ങളിൽ ഖേദം പ്രകടിപ്പിക്കുന്നതായി മുതിർന്ന കോൺഗ്രസ് നേതാവും എം പി യുമായ കെ മുരളീധരൻ. മേയർക്കെതിരെ താൻ പറഞ്ഞ മറ്റ് ആരോപണങ്ങളിലെല്ലാം ഉറച്ചുനില്ക്കുന്നുവെന്നും മുരളീധരൻ പറഞ്ഞു.
സൗന്ദര്യമുണ്ടെങ്കിലും മേയറുടെ വായിൽനിന്നു വരുന്നത് കൊടുങ്ങല്ലൂർ ഭരണിപ്പാട്ടിനേക്കാൾ മോശം കാര്യങ്ങളാണെന്ന മുരളീധരൻ്റെ പരാമർശം വ്യാപകമായി വിമർശിക്കപ്പെട്ടിരുന്നു. ഒറ്റ മഴയ്ക്കു കിളിർത്ത ഇത്തരക്കാരെ ഒരുപാട് കണ്ടിട്ടുണ്ടെന്നും മഴ തീരുമ്പോൾ ഇത്തരക്കാർ ഇല്ലാതാവുമെന്നുമായിരുന്നു മുരളീധരൻ പറഞ്ഞത്.
വിവാദമായതോടെയാണ് മോശം പരാമർശങ്ങൾ പിൻവലിക്കാൻ മുരളീധരൻ നിർബന്ധിതനായത്. തൻ്റെ രാഷ്ട്രീയ ജീവിതത്തിൽ ഒരു സ്ത്രീക്കെതിരായും മോശം പരാമർശങ്ങൾ നടത്തിയിട്ടില്ലെന്ന് മുരളീധരൻ പറഞ്ഞു. തെറ്റ് പറ്റിയാൽ ഖേദം പ്രകടിപ്പിക്കാൻ യാതൊരു മടിയുമില്ല. അതുകൊണ്ടാണ് ഖേദം പ്രകടിപ്പിക്കുന്നത്. കുട്ടിയെ തട്ടിക്കൊണ്ടുപോവാൻ കൂട്ടുനിന്ന് ഒരു പെൺകുട്ടിയെ കണ്ണീരു കുടിപ്പിച്ച ആനാവൂർ നാഗപ്പനെ പോലുള്ളവർ സ്ത്രീകളോട് എങ്ങനെ പെരുമാറണമെന്ന് തന്നെ പഠിപ്പിക്കേണ്ടെന്നും മുരളീധരൻ പറഞ്ഞു.