ഗവർണറെ അംഗീകരിക്കില്ല; വിമർശനവുമായി കെ മുരളീധരൻ
തിരുവനന്തപുരം: ഗവർണറോടുള്ള സമീപനത്തെച്ചൊല്ലി യുഡിഎഫും കോൺഗ്രസും തമ്മിലുള്ള ഭിന്നത വീണ്ടും പുറത്ത്. ഗവർണർ രാജാവാണോ എന്നും ഈ ഗവർണറെ അംഗീകരിക്കില്ലെന്നും കെ മുരളീധരൻ പറഞ്ഞു. ഈ ഗവർണറാണ് എല്ലാ വിസിമാരെയും നിയമിച്ചത്. എന്തുകൊണ്ട് ആദ്യം വിശദീകരണം തേടിയില്ല. അന്ന് എന്തിന് അംഗീകരിച്ചു. വിസിമാരുടെ രാജി ആവശ്യപ്പെട്ടത് എന്ത് അടിസ്ഥാനത്തിലാണ് എന്നും അദ്ദേഹം ചോദിച്ചു. പ്രതിപക്ഷ നേതാവിന്‍റെ നിലപാട് തള്ളിയ മുരളീധരൻ വിഷയം പാർട്ടിക്കുള്ളിൽ ചർച്ച ചെയ്യാൻ സമയം കിട്ടിയിട്ടില്ലെന്നും പറഞ്ഞു. സർക്കാർ-ഗവർണർ യുദ്ധത്തിൽ നടക്കുന്നത് കാവിവത്കരണ മാർക്സിസ്റ്റ് വത്കരണ യുദ്ധമാണ്. സിപിഎം എറാൻമൂളികളെ കൂടെ നിർത്താനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നത്, ബിജെപി എറാൻമൂളികളെ വയ്ക്കാൻ ഗവർണറും ശ്രമിക്കുന്നു. തെരുവ് യുദ്ധമുണ്ടാകും. സർവ്വകലാശാലകൾ താറുമാറാകും. ഇതിൽ പ്രതിപക്ഷത്തിന് റോളില്ല. ഇരുകൂട്ടരും തെറ്റ് ചെയ്തു. സുപ്രീം കോടതി വിധിയുടെ മറവിലാണ് എല്ലാ വിസിമാർക്കുമെതിരെ നടപടിയെടുത്തത്. ഗവർണർമാരെ പ്രോത്സാഹിപ്പിക്കുന്ന മനോഭാവം യുഡിഎഫിനില്ല. ഗവർണർമാർ വഴി കാവിവത്കരിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. ഗവർണറെ വെച്ച് കളിക്കുന്ന ഒരു കളിയും വച്ചുപൊറുപ്പിക്കില്ല. സുധാകരനും സതീശനും ദേശീയ നയം അറിയില്ലേ എന്ന് അവരോട് ചോദിക്കണം. അതേസമയം ലീഗിന്‍റെ നിലപാടിൽ മാറ്റമില്ലെന്ന് പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഗവർണ്ണറുടെ എല്ലാ നിലപാടുകളും അംഗീകരിക്കാനാവില്ല. സഭയ്ക്കകത്തും പുറത്തും ജനാധിപത്യ രീതിയിൽ പ്രതിഷേധിക്കുമെന്നും അദ്ദേഹം പറഞ്ഞു.