കെ ഫോണ്‍ ഇനി തൃശൂരിലും
അതിവേഗ ഇന്റര്‍നെറ്റുമായി കെ ഫോണ്‍ ഇനി തൃശൂരിലും. സര്‍ക്കാര്‍ ഓഫീസുകളിലും സ്‌കൂളുകളിലും വീടുകളിലേക്കും അതിവേഗ ഇന്റര്‍നെറ്റ്. ദാരിദ്ര്യരേഖക്ക് താഴെയുള്ളവരുടെ കുടുംബങ്ങളിലേക്ക് സൗജന്യമായാണ് കെ ഫോണ്‍ എത്തുക. എല്‍ഡിഎഫ് സര്‍ക്കാരിൻ്റെ ഒരു സ്വപ്ന പദ്ധതിയാണ് കെ ഫോണിലൂടെ യാഥാര്‍ഥ്യമാവുന്നത്. ജില്ലയില്‍ കെ ഫോണിൻ്റെ ഭാഗമായി ഒപ്റ്റിക്കല്‍ ഗ്രൗണ്ട് വയര്‍ 85 ശതമാനം പൂര്‍ത്തിയായി. സര്‍ക്കാര്‍ ഓഫീസുകളിലേക്കും സര്‍ക്കാര്‍ സ്‌കൂളിലേക്കും കണക്ഷന്‍ നല്‍കിത്തുടങ്ങി. കൊച്ചി ഇന്‍ഫോപാര്‍ക്കിലാണ് നെറ്റ് വര്‍ക്ക് നിയന്ത്രണ സംവിധാനം. ഇവിടെനിന്നും ജില്ലയില്‍ മാടക്കത്തറ സബ്‌സ്റ്റേഷനിലെ കോര്‍പോപ്പ് കേന്ദ്രത്തിലേക്ക് എത്തും. ഈ ലൈനും മാടക്കത്തറ കോര്‍ പിഒപിയും പൂര്‍ത്തിയായി. ചാലക്കുടി, കൊടകര, ഒല്ലൂര്‍ പുതുക്കാട്, വിയ്യൂര്‍ സബ്‌സ്റ്റേഷന്‍ പരിധിയില്‍ അഗ്രിഗേഷന്‍ പോപ്പ് കേന്ദ്രങ്ങളും പൂര്‍ത്തിയായി. 37 പ്രീ അഗ്രിഗേഷന്‍ കോര്‍പോപ്പ് കേന്ദ്രങ്ങളും പൂര്‍ത്തിയാവുകയാണ്.
കെഎസ്ഇബിയും കേരളാ സ്റ്റേറ്റ് ഐടി ഇന്‍ഫ്രാസ്‌ട്രെക്ചര്‍ ലിമിറ്റഡും ചേര്‍ന്നാണ് പദ്ധതി നടപ്പാക്കുന്നത്. ഇതിനായി കേരള ഫൈബര്‍ ഒപ്റ്റിക്കല്‍ നെറ്റ് വര്‍ക്ക് ലിമിറ്റഡ് എന്ന സംയുക്ത സംരംഭം ആരംഭിച്ചിട്ടുണ്ട്. കെഎസ്ഇബിയുടെ വൈദ്യുതിതൂണുകള്‍വഴിയാണ് കേബിള്‍ കടന്നുപോവുന്നത്.