കെ-റെയില്‍ വിഷയത്തിൽ ജനഹിത പരിശോധന വേണമെന്ന് കെ സഹദേവൻ

കെ-റെയിൽ വിഷയത്തിൽ ജനഹിത പരിശോധന നടത്തണമെന്ന് പ്രമുഖ എഴുത്തുകാരനും പരിസ്ഥിതി പ്രവർത്തകനുമായ കെ സഹദേവൻ. കേരളം കണ്ടതില്‍വെച്ച് ഏറ്റവും ബൃഹത്തും ചെലവേറിയതും സംസ്ഥാനത്തിന്റെ സാമ്പത്തിക, പാരിസ്ഥിതിക, സാമൂഹ്യ മേഖലകളില്‍ ദീര്‍ഘകാല പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കാൻ പര്യാപ്തവുമായ പദ്ധതിയാണ് സില്‍വര്‍ ലൈന്‍.

ജനാധിപത്യ സംവിധാനത്തിനകത്ത് പൊതുനയങ്ങളില്‍ ജനകീയാഭിലാഷം വ്യക്തമാക്കാനുള്ള ഏറ്റവും ഉചിതമായ രീതി ജനഹിത പരിശോധനയാണ്.

ജനഹിത പരിശോധനയ്ക്ക് മുമ്പായി സര്‍ക്കാര്‍ നിർബന്ധമായും ചില കാര്യങ്ങൾ ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പദ്ധതിയെ സംബന്ധിച്ച പൂര്‍ണ വിവരങ്ങള്‍ മലയാളത്തില്‍ തയ്യാറാക്കി ജനങ്ങളിലെത്തിക്കണം. കുറഞ്ഞത് രണ്ട് മാസക്കാലം ഇതുസംബന്ധിച്ച ചര്‍ച്ചകള്‍ക്കും സംവാദങ്ങള്‍ക്കും വേദിയൊരുക്കണം. മലയാളത്തിലെ ചാനലുകളിലൂടെയും പത്ര മാധ്യമങ്ങളിലൂടെയും സംവാദങ്ങൾ സംഘടിപ്പിക്കണം.

പദ്ധതിയെ എതിര്‍ക്കുന്നവരുടെ കൂടി അഭിപ്രായങ്ങളും ആശങ്കകളും അവതരിപ്പിക്കാന്‍ സര്‍ക്കാര്‍ മുന്‍കൈ എടുക്കണമെന്ന് കെ സഹദേവൻ ആവശ്യപ്പെട്ടു. ജനഹിത പരിശോധന നിയന്ത്രിക്കുന്നതിനായി ഒരു സ്വതന്ത്ര വിദഗ്ധ സമിതിയെ നിശ്ചയിക്കണം. ജനഹിത പരിശോധന നീതിപൂര്‍വമാണെന്ന് ഉറപ്പുവരുത്തണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Related Posts