കെ എസ് ഭവൻ സന്ദർശിക്കാൻ എത്തി കെ സുധാകരൻ
തൃശൂർ: വാർത്തകളിൽ നിറഞ്ഞു നിന്ന കെ എസ് ഭവൻ എന്ന ആരാധകൻ്റെ വീട് സന്ദർശിക്കാൻ വാക്ക് പാലിച്ച് കെ സുധാകരൻ തൃശൂരിലെ എടത്തിരുത്തിയിൽ എത്തി. ഡി സി സി പ്രസിഡണ്ട് ജോസ് വള്ളൂരിനൊപ്പമാണ് എത്തിയത്.യൂത്ത് കോൺഗ്രസ് തൃശൂർ ജില്ല സെക്രട്ടറി ഇൻഷാദ് വലിയകത്ത് പുതിയതായി പണി കഴിപ്പിച്ച വീടിനെയാണ് കെ പി സി സി പ്രസിഡണ്ടിനോടുള്ള ആരാധന മൂത്ത് കെ എസ് ഭവൻ എന്ന പേര് നൽകിയത്. കുറച്ചു ദിവസങ്ങളായി വാർത്ത ചാനലുകളിലും സമൂഹ മാധ്യമങ്ങളിലും വൈറലായിരുന്നു കെ എസ് ഭവൻ.
ഒരു പുതിയ അനുഭവമാണ് ഇൻഷാദ് എന്ന പ്രവർത്തകൻ്റെ ഭാഗത്ത് നിന്ന് ഉണ്ടായതെന്നും പത്ത് മടങ്ങ് സഹായവും സ്നേഹവും ഇർഷാദിന് ഉണ്ടാകുമെന്നും കെ സുധാകരൻ അതീവ സന്തോഷത്തോടെ മാധ്യമങ്ങളോട് പറഞ്ഞു.
പ്രതിസന്ധികളിൽ കൈ പിടിച്ചുയർത്തുന്നവനാണ് യഥാർത്ഥ നേതാവെന്നും അണികൾക്ക് ചങ്കു കൊടുത്തും സംരക്ഷണം നൽകുന്ന ധീരനാണ് കെ എസ് എന്നത് കൊണ്ടു തന്നെയാണ് പുതിയ ഭവനത്തിന് കെ എസ് ഭവൻ എന്ന് നാമം നൽകിയതെന്നും യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി ഇൻഷാദ് വലിയകത്ത് പറഞ്ഞു.
കെപിസിസി സെക്രട്ടറി കെ ജയൻ, ഡിസിസി പ്രസിഡണ്ട് ജോസ് വള്ളൂർ, ഡിസിസി സെക്രട്ടറിമാരായ നൗഷാദ് ആറ്റു പറമ്പത്ത്, അനിൽ പുളിക്കൽ, സുനിൽ ലാലൂർ, ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ടുമാരായ സജയ് വയനപിള്ളി,ഗോവ പ്രതാപൻ, യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ശോഭാ സുബിൻ, മണ്ഡലം പ്രസിഡണ്ട് സലീം, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് അഫ്സൽ എന്നിവർ സന്നിഹിതരായിരുന്നു.