ഫ്ലൈ ഇന്‍ കേരള; മൂന്നു മണിക്കൂര്‍ കൊണ്ട് തിരുവനന്തപുരം-മംഗലാപുരം; ബദല്‍ നിര്‍ദേശവുമായി കെ സുധാകരന്‍
തിരുവനന്തപുരം: നാല് മണിക്കൂര്‍ കൊണ്ട് കാസര്‍കോട് നിന്നും തിരുവനന്തപുരത്ത് എത്താമെന്നതാണ് കെ റെയിലിന്റെ പ്രധാന ആകര്‍ഷണമായി സര്‍ക്കാര്‍ പറയുന്നത്. എന്നാല്‍ കെഎസ്ആര്‍ടിസിയുടെ ടൗണ്‍ ടു ടൗണ്‍ സര്‍വീസ് പോലെ വിമാന സര്‍വ്വീസ് നടത്തിയാല്‍ പ്രശ്‌നം പരിഹരിക്കാന്‍ സാധിക്കില്ലേ എന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. കെ- റെയിലിനെതിരെ ജനകീയ പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് ബദല്‍ നിര്‍ദേശവുമായി കെ സുധാകരന്‍ രംഗത്തെത്തിയത്.
അഞ്ചു മണിക്കൂര്‍ കൊണ്ട് കാസര്‍കോട് നിന്നും തിരുവനന്തപുരത്ത് എത്തുക എന്നത് ആരും ആഗ്രഹിക്കുന്ന സങ്കല്‍പ്പമാണ്. നല്ല സൗകര്യമാണ്. പക്ഷെ ആ സൗകര്യം ലഭിക്കുമ്പോള്‍ കൊടുക്കേണ്ടി വരുന്ന വിലയെക്കുറിച്ചാണ് നമ്മുടെ മുന്നിലുള്ള ആശങ്ക. പദ്ധതിയുടെ ചെലവ് സര്‍ക്കാര്‍ കണക്കുകൂട്ടിയിരിക്കുന്നത് 64,000 കോടി രൂപയാണ്. എന്നാല്‍ഒരു ലക്ഷത്തി മുപ്പത്തി മൂവായിരം കോടി രൂപ ചെലവു വരുമെന്നാണ് നീതി ആയോഗിന്റെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്.
നിശ്ചിത കാലയളവിനുള്ളില്‍ പണി തീര്‍ത്താലാണ് ഈ തുക ചെലവാകുന്നത്. കാലയളവ് നീണ്ടാല്‍ തുക പിന്നെയും കൂടും. അസംസ്‌കൃത വസ്തുക്കളുടെ വില കാലാകാലങ്ങളില്‍ വര്‍ധിക്കുകയാണ്. ഇപ്പോള്‍ 1500 രൂപയാണ് ടിക്കറ്റ് നിരക്ക് നിശ്ചയിച്ചതെങ്കില്‍, പദ്ധതിച്ചെലവ് വര്‍ധിച്ചാല്‍ മൂവായിരമോ, 3500 ഓ ആയി ഉയര്‍ന്നേക്കാമെന്ന് സുധാകരന്‍ പറഞ്ഞു. 1500 രൂപയ്ക്ക് ദിവസവും 80,000 പേര്‍ യാത്ര ചെയ്യുമെന്ന് പറയുന്നത് തന്നെ വന്‍ വിഡ്ഢിത്തമാണെന്ന് കെ സുധാകരന്‍ പറഞ്ഞു.
കെ റെയിലിന് ബദലായി മറ്റൊരു സര്‍വീസ് സുധാകരന്‍ മുന്നോട്ടുവെച്ചു. വിമാനത്താവളത്തിന്റെ കാര്യത്തില്‍ രാജ്യത്ത് ഏറ്റവും സമ്പന്നമായ സംസ്ഥാനമാണ് കേരളം. അഞ്ചു എയര്‍പോര്‍ട്ടാണ് സംസ്ഥാനത്തുള്ളത്. അതിര്‍ത്തിയില്‍ മംഗലാപുരത്തും കോയമ്പത്തൂരും എയര്‍പോര്‍ട്ടുണ്ട്. ജില്ലാ തലത്തില്‍ എയര്‍ലിങ്ക് എളുപ്പത്തില്‍ സ്ഥാപിക്കാന്‍ കഴിയും. മൂന്നു മണിക്കൂര്‍ കൊണ്ട് മംഗലാപുരത്തു നിന്നും തിരുവനന്തപുരത്തെത്താന്‍ സാധിക്കുന്ന എയര്‍ ലിങ്ക് നിലവിലുണ്ട്.
എല്ലാമണിക്കൂറിലും ഓരോ ദിശയിലും വിമാനങ്ങള്‍ ഉണ്ടെന്ന് കരുതുക. അത്, തൊട്ടടുത്ത എയര്‍പോര്‍ട്ടില്‍ അരമണിക്കൂര്‍ ലാന്‍ഡ് ചെയ്യും. അതായത് മംഗലാപുരത്ത് നിന്നും രാവിലെ ഏഴിന് പുറപ്പെടുന്ന ഒരാള്‍ പത്തരയാകുമ്പോള്‍ തിരുവനന്തപുരത്ത് എത്തും. ഹെഡ് ക്വാര്‍ട്ടേഴ്‌സ് ബന്ധിപ്പിച്ചു കൊണ്ടുള്ള ബസ് സര്‍വീസ് പോലെ വിമാനസര്‍വീസില്‍ പുതിയ സിസ്റ്റം ഉണ്ടാക്കണം. നമുക്ക് ഈ പദ്ധതിക്ക് ഫ്ലൈ ഇന്‍ കേരള എന്ന് പേരിടാമെന്ന് സുധാകരന്‍ നിര്‍ദേശിച്ചു.
13 വര്‍ഷം മുമ്പ് താന്‍ ദക്ഷിണാഫ്രിക്കയില്‍ പോയപ്പോള്‍ അവിടെ ഇത്തരത്തില്‍ സര്‍വീസ് ഉണ്ടായിരുന്ന കാര്യം സുധാകരന്‍ ചൂണ്ടിക്കാട്ടി. നമ്മള്‍ ചെന്ന് ടിക്കറ്റെടുക്കുന്നു, നേരെ ചെന്ന് ബസില്‍ കയറുന്ന പോലെ വിമാനത്തില്‍ കയറുന്നു. അഡ്വാന്‍സ് ബുക്ക് ചെയ്യേണ്ട, അപ്പപ്പോള്‍ ടിക്കറ്റെടുക്കാം. ഇനി റിസര്‍വേഷന്‍ ഉണ്ടെങ്കിലും അഥവാ ലേറ്റ് ആയാല്‍ പണം നഷ്ടപ്പെടില്ല. തൊട്ടടുത്ത വിമാനത്തില്‍ കയറാം. ഈ സിസ്റ്റത്തില്‍ തന്നെ നമുക്കും ഇവിടെ സര്‍വീസ് നടത്താനാകും. അത്തരമൊരു സാധ്യത നിലനില്‍ക്കേ എന്തിനാണ് ഇത്തരത്തിലൊരു അപകടകരമായ പദ്ധതി നടപ്പാക്കുന്നതെന്ന് സുധാകരന്‍ ചോദിച്ചു.
ആളുകള്‍ ആശ്രയിക്കുന്ന സിസ്റ്റമായി ഇതു മാറുമ്പോള്‍ അതനുസരിച്ചുള്ള മാറ്റങ്ങളുണ്ടാകും. ചെറിയ നഗരങ്ങളെ എയര്‍പോര്‍ട്ടുമായി ബന്ധിപ്പിച്ച് ബസ് സര്‍വീസുകള്‍ ആരംഭിക്കാം. നിലവിലെ കെ റെയില്‍ പദ്ധതിക്ക് 1,33,000 കോടി രൂപയാണെങ്കില്‍ ഫ്ലൈ ഇന്‍ കേരള പദ്ധതിക്ക് പരമാവധി ആയിരം കോടി രൂപയേ ചെലവു വരികയുള്ളൂ എന്നും സുധാകരന്‍ പറയുന്നു. പറക്കും കേരളമെന്നും കേരളത്തിലൂടെ പറക്കാമെന്നും അര്‍ത്ഥമാക്കുന്നു ഫ്ലൈ ഇന്‍ കേരള എന്ന പ്രയോഗം എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ഈ ബദല്‍ നിര്‍ദേശത്തെക്കുറിച്ച് പ്രതിപക്ഷം പലവട്ടം പറഞ്ഞു. സര്‍ക്കാര്‍ കേട്ട ഭാവം പോലും നടിക്കുന്നില്ല. കെ റെയിലിന് പിന്നില്‍ ഉറച്ചുനില്‍ക്കുന്നവര്‍ക്ക് ഒരു രഹസ്യ അജണ്ടയുണ്ട്. ഇതിന് പിന്നില്‍ അടിച്ചുമാറ്റാനുള്ള കമ്മീഷനാണ് രഹസ്യ അജണ്ടയെന്ന് കെ സുധാകരന്‍ ആരോപിച്ചു. പിണറായി വിജയന്‍ ഇതില്‍ ഡോക്ടറേറ്റ് കിട്ടിയ ആളാണെന്നും സുധാകരന്‍ പറഞ്ഞു. മുഖ്യമന്ത്രിയെ അപമാനിക്കുന്നു എന്നൊന്നും തോന്നേണ്ട, ഒരു യാഥാര്‍ത്ഥ്യം പറഞ്ഞതാണെന്നും കെപിസിസി പ്രസിഡന്റ് വ്യക്തമാക്കി. പൊതു സമൂഹത്തിന് മുന്നില്‍ കെ റെയിലിന് ബദലെന്ന ആശയത്തിന് പൊതു സ്വീകാര്യത കൊണ്ടു വരാനാണ് കോണ്‍ഗ്രസിന്റെ നീക്കം.