കെ വി പീതാംബരന്റെ ഓർമ്മകളിൽ മണപ്പുറത്തെ സി പി ഐ എം പ്രവർത്തകർ.

നാട്ടിക:

ജൂൺ 20ന് കെ വി പീതാംബരന്റെ ഓർമ്മകൾക്ക് ഒരു വർഷം തികയുന്നു. മണപ്പുറത്തെ പൊതുജീവിതത്തിൽ അരനൂറ്റാണ്ട് കാലം നിറ സാന്നിധ്യമായിരുന്ന കെ വി പീതാംബരൻ അരങ്ങൊഴിഞ്ഞത് 2020 ജൂൺ 20നായിരുന്നു. പൊതുരംഗത്ത് നിറഞ്ഞ് നിന്നിരുന്ന അദ്ദേഹം ഏവർക്കും പ്രിയപ്പെട്ട നേതാവായിരുന്നു. തന്റെ സ്വതസിദ്ധമായ ശൈലിയിലുള്ള പ്രസംഗം ഏതൊരാളെയും ആകർഷിപ്പിക്കുന്നതായിരുന്നു. കലാ സാംസ്കാരിക രംഗത്ത് തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച അദ്ദേഹം പുരോഗമന പ്രസ്ഥാനത്തിന്റെ തീരദേശത്തെ മുഖമായിരുന്നു. നാട്ടിലെ ഓരോ പ്രദേശത്തെയും ആളുകളുമായി ആത്മബന്ധം പുലർത്തിയിരുന്ന അദ്ദേഹം ചെറുപ്രായത്തിൽ തന്നെ പൊതുരംഗത്ത് എത്തിയ നേതാവായിരുന്നു. സി പി ഐ എം ന്റെ ജില്ലയിലെ തന്നെ മുതിർന്ന നേതാവായിരുന്ന അദ്ദേഹത്തിന്റെ ഒന്നാം ചരമ വാർഷിക ദിനാചരണം സമുചിതമായി ആചരിക്കുകയാണ് മണപ്പുറത്തെ സി പി ഐ എം പ്രവർത്തകർ. രാവിലെ 8ന് മുഴുവൻ ബ്രാഞ്ചുകളിലും പുഷ്പാർച്ചനയും പതാക ഉയർത്തലും നടക്കും, 10 ന് സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചനയും തുടർന്ന് 11 ന് ഏരിയ കമ്മിറ്റി ഓഫിസിൽ നടക്കുന്ന ഫോട്ടൊ അനാച്ഛാദനം സി പി ഐ എം ജില്ലാ സെക്രട്ടറി എം എം വർഗ്ഗീസ് നിർവ്വഹിക്കും. നാട്ടിക പഞ്ചായത്ത് പ്രസിഡണ്ടും ചിത്രകാരനുമായ എം ആർ ദിനേശൻ ആണ് ഛായാചിത്രം തയ്യാറാക്കിയിരിക്കുന്നത്. വൈകീട്ട് 5ന് സി പി ഐ എം ഏരിയ കമ്മിറ്റിയുടെ ഫേയ്സ്ബുക്ക് പേജിലൂടെ നടക്കുന്ന അനുസ്മരണ യോഗം സി പി ഐ എം സംസ്ഥാന സെക്രട്ടറി എ വിജയരാഘവൻ ഉദ്ഘാടനം ചെയ്യും. ജില്ലാ സെക്രട്ടറി എം എം വർഗ്ഗീസ്, ജില്ലാ സെക്രട്ടേറിയറ്റ് അംഗം കെ വി അബ്ദുൾ ഖാദർ, ജില്ലാ കമ്മിറ്റിയംഗം പി എം അഹമ്മദ് എന്നിവർ പങ്കെടുക്കും.

Related Posts