അടുത്തിരുന്നയാൾ ചരസ് വലിച്ചതിന് ഒരാൾ കുറ്റക്കാരനാകുമോ, ആര്യൻ ഖാന് ജാമ്യം നിഷേധിച്ചതിനെതിരെ കബിൽ സിബലിന്റെ ട്വീറ്റ്

ആര്യൻഖാന് അഞ്ചാം തവണയും ജാമ്യം നിഷേധിച്ച എൻഡിപിഎസ് കോടതി വിധിയെ വിമർശിച്ച് കോൺഗ്രസ് നേതാവും സുപ്രീം കോടതിയിലെ മുതിർന്ന അഭിഭാഷകനുമായ കബിൽ സിബൽ. അടുത്തിരുന്നയാൾ ചരസ് വലിച്ചതിന്റെ പേരിൽ ഒരാൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്യുന്നത് കേട്ടുകേൾവിയില്ലാത്ത കാര്യമാണെന്ന് കബിൽ സിബൽ ട്വീറ്റ് ചെയ്തു. ഇത് പുതിയ 'ജൂറിസ്പ്രൂഡൻസ് ' ആണെന്നും ട്വീറ്റിലുണ്ട്. എന്റെ കൈയിൽ നിന്ന് ലഹരി മരുന്നുകൾ കണ്ടെടുത്തിട്ടില്ലെങ്കിൽ എങ്ങനെയാണ് 'അറിഞ്ഞുകൊണ്ടുള്ള ഉപഭോഗ'ത്തിന്റെ പേരിൽ എനിക്കെതിരെ കേസ് ചാർജ് ചെയ്യാൻ കഴിയുകയെന്ന് അഭിഭാഷകൻ ചോദിച്ചു.
നേരത്തേ, സുപ്രീം കോടതിയിലെ മുതിർന്ന അഭിഭാഷകനായ പ്രശാന്ത് ഭൂഷണും ആര്യൻഖാന് ജാമ്യം നിഷേധിച്ച നടപടിയെ എതിർത്ത് ട്വീറ്റ് ചെയ്തിരുന്നു. ആര്യൻ ഖാന്റെ പക്കൽ നിന്ന് മയക്കുമരുന്ന് ഉത്പന്നങ്ങൾ ഒന്നും കണ്ടെടുക്കാതിരുന്നിട്ടും രണ്ടാഴ്ചക്കാലമായി ജാമ്യം പോലും അനുവദിക്കാതെ ജയിലിൽ അടച്ചിട്ടിരിക്കുന്നത് അസംബന്ധമാണെന്നാണ് പ്രശാന്ത് ഭൂഷൺ പറഞ്ഞത്. ജാമ്യവ്യവസ്ഥ സംബന്ധിച്ച തത്വങ്ങൾ അറിയാത്തവരാണ് പല ന്യായാധിപരുമെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. മനുഷ്യാവകാശങ്ങളെപ്പറ്റിയും ധാരണയില്ലാത്തവരായി ജഡ്ജിമാർ മാറിയെന്ന് അദ്ദേഹം പറഞ്ഞു.
ആഡംബര കപ്പലിലെ ലഹരി പാർട്ടിക്കിടെയാണ് ബോളിവുഡിലെ സൂപ്പർതാരം ഷാരൂഖ് ഖാൻ്റെ മകൻ ആര്യൻ ഖാൻ അറസ്റ്റിലാവുന്നത്. ആര്യൻ ഖാന്റെ കൈയിൽ നിന്ന് ലഹരി വസ്തുക്കൾ പിടിച്ചെടുത്തിട്ടില്ല. തുടർച്ചയായി അഞ്ചു തവണയാണ് ആര്യൻ ഖാന്റെ ജാമ്യാപേക്ഷ മുംബൈയിലെ പ്രത്യേക എൻഡിപിഎസ് കോടതി തള്ളിയത്. ഹൈക്കോടതിയെ സമീപിക്കുമെന്ന് ആര്യൻ ഖാന്റെ അഭിഭാഷകൻ അമിത് ദേശായി പറഞ്ഞു.
ആര്യൻ ലഹരി ഉപയോഗിക്കുകയോ കൈവശം വെയ്ക്കുകയോ ചെയ്തിട്ടില്ല. കപ്പൽതന്നെ വാങ്ങാൻ സാമ്പത്തിക ശേഷിയുള്ള ഒരാൾ അഞ്ച് ഗ്രാം മയക്കുമരുന്ന് വിൽക്കാനായി കപ്പലിലെ പാർട്ടിക്ക് പോകുമോ എന്നാണ് അഭിഭാഷകൻ കോടതിയിൽ ചോദിച്ചത്. എന്നാൽ ആര്യൻ അന്താരാഷ്ട്ര ലഹരിമരുന്ന് നെറ്റ് വർക്കിന്റെ ഭാഗമാണെന്നാണ് നർക്കോട്ടിക് കൺട്രോൾ ബ്യൂറോയുടെ വാദം. ജാമ്യം നൽകിയാൽ അന്വേഷണത്തെ ബാധിക്കും.