രജനികാന്ത് നിരസിച്ച മണികണ്ഠൻ ചിത്രം 'കടൈശി വിവസായി' റിലീസിന് ഒരുങ്ങുന്നു.

'കാക്കമുട്ടൈ' എന്ന തമിഴ് ചിത്രത്തിലൂടെ ദേശീയ തലത്തിൽ ശ്രദ്ധേയനായ എം മണികണ്ഠൻ സംവിധാനം ചെയ്ത 'കടൈശി വിവസായി' എന്ന ചിത്രം ഈ മാസം റിലീസ് ചെയ്യും. ചിത്രത്തിലെ നായക വേഷം ചെയ്യാൻ സൂപ്പർ സ്റ്റാർ രജനികാന്തിനെയാണ് സമീപിച്ചതെന്നും അദ്ദേഹം നിരസിച്ചത് വിഷമമുണ്ടാക്കിയെന്നും സംവിധായകൻ ഈയിടെ ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. ചിത്രത്തിലെ കർഷകൻ്റെ വേഷം ചെയ്യാൻ രജനികാന്ത് തയ്യാറായിരുന്നു എങ്കിൽ കാർഷിക രംഗത്ത് വലിയ സ്വാധീനം ഉണ്ടാക്കാൻ കഴിയുമായിരുന്നു. കഥ കേട്ട അദ്ദേഹം എന്തുകൊണ്ടോ വലിയ താത്പര്യം കാണിച്ചില്ല. അതിനാൽ കഥാപാത്രത്തിന് അനുയോജ്യനായ മറ്റൊരാളെ കണ്ടെത്തുകയായിരുന്നു.

85 വയസ്സ് പ്രായമുള്ള നല്ലാണ്ടി എന്ന കർഷകനാണ് ചിത്രത്തിൽ മുഖ്യ വേഷം ചെയ്യുന്നത്. വിജയ് സേതുപതി അതിഥി വേഷത്തിലെത്തുന്ന ചിത്രത്തിൽ യോഗി ബാബുവും ഒരു പ്രധാന വേഷം കൈകാര്യം ചെയ്യുന്നുണ്ട്. ഇളയരാജ സംഗീതവും മലയാളിയായ ബി അജിത് കുമാർ എഡിറ്റിങ്ങും നിർവഹിക്കുന്ന ചിത്രത്തിൻ്റെ നിർമാണം ഇറോസ് ഇൻ്റർനാഷണലാണ്.

2010-ൽ 'വിൻഡ് ' എന്ന ഷോർട്ട് ഫിലിം സംവിധാനം ചെയ്തുകൊണ്ടാണ് മണികണ്ഠൻ സിനിമയിലേക്ക് ചുവടുവെയ്ക്കുന്നത്. 2015-ൽ ചെയ്ത 'കാക്കമുട്ടൈ' മികച്ച കുട്ടികളുടെ ചിത്രത്തിനും ബാലതാരത്തിനുമുള്ള ദേശീയ പുരസ്കാരങ്ങൾ കരസ്ഥമാക്കിയിരുന്നു. വിഗ്നേഷ്, രമേഷ് എന്നീ കുട്ടികളാണ് ചിത്രത്തിൽ മുഖ്യ വേഷങ്ങൾ ചെയ്തത്.

'ആണ്ടവൻ കാട്ടാളൈ' എന്ന വിജയ് സേതുപതി ചിത്രം സംവിധാനം ചെയ്തത് മണികണ്ഠനാണ്. താരജാഡകൾ ഒന്നുമില്ലാതെ കൈയിൽ കിട്ടുന്ന ഏതു കഥാപാത്രത്തെയും മികച്ചതാക്കാൻ ഏതറ്റം വരെയും പരിശ്രമിക്കുന്ന നടനാണ് വിജയ് സേതുപതിയെന്നും അദ്ദേഹത്തിൻ്റെ അതിഥി വേഷം ചിത്രത്തിൽ ഏറെ പ്രധാനമാണെന്നും സംവിധായകൻ പറഞ്ഞു. മല കയറ്റം പോലെ ശാരീരികമായി ഒട്ടേറെ പ്രയാസപ്പെടുത്തുന്ന രംഗങ്ങൾ സിനിമയിൽ അദ്ദേഹത്തിനുണ്ട്. നായക വേഷമായിരുന്നു അദ്ദേഹത്തിന് ഉള്ളതെങ്കിൽ അക്കാര്യം മടി കൂടാതെ ആവശ്യപ്പെടുമായിരുന്നെന്നും ഗസ്റ്റ് റോൾ മാത്രമായതിനാൽ മടിയോടെയാണ് അക്കാര്യം പറഞ്ഞതെന്നും സംവിധായകൻ പറഞ്ഞു. എന്നാൽ യാതൊരു പ്രയാസവും കൂടാതെ കഥാപാത്രം ആവശ്യപ്പെടുന്നതെന്തോ അത് ചെയ്യാൻ അദ്ദേഹം തയ്യാറായി.

Related Posts