ഊഴം വന്നപ്പോൾ മമ്മൂട്ടി ചേട്ടൻ പറഞ്ഞു, കടന്നപ്പള്ളി എന്നെ മാത്രമല്ല എന്റെ മകൻ ദുൽക്കറിനെയും ചേട്ടാ എന്നാണ് വിളിക്കുന്നത്...
മമ്മൂട്ടിക്ക് എഴുപതാം പിറന്നാൾ ആശംസകൾ നേർന്നു കൊണ്ടുള്ള ഒട്ടേറെ കുറിപ്പുകൾ ഇതിനോടകം വന്നിരിക്കുന്നു. കഴിഞ്ഞ രണ്ട് ദിവസമായി സോഷ്യൽ മീഡിയയിൽ മുഴുവൻ താരത്തിൻ്റെ വിശേഷങ്ങൾ നിറഞ്ഞു നില്ക്കുകയാണ്. മമ്മൂട്ടിക്കൊപ്പമുള്ള അനുഭവങ്ങൾ പങ്കുവെച്ചു കൊണ്ട് അഭിനേതാക്കളും സംവിധായകരും എഴുത്തുകാരും സാംസ്കാരിക പ്രവർത്തകരുമെല്ലാം മുന്നോട്ടു വന്നിട്ടുണ്ട്.
മുൻ മന്ത്രിയും കോൺഗ്രസ് എസ് നേതാവുമായ രാമചന്ദ്രൻ കടന്നപ്പള്ളിയുടെ ഫേസ്ബുക്ക് കുറിപ്പാണ് ആശംസാ പോസ്റ്റുകളുടെ കൂട്ടത്തിൽ ഏറ്റവും ശ്രദ്ധേയമായത്.
"എന്റെ പ്രിയപ്പെട്ട മമ്മൂട്ടിച്ചേട്ടന്
ഈ അനുജന്റെ സ്നേഹ നിർഭരമായ ജന്മദിനാശംസകൾ"
എന്നു പറഞ്ഞുകൊണ്ടാണ് കടന്നപ്പള്ളിയുടെ വ്യത്യസ്തവും രസകരവുമായ കുറിപ്പ് തുടങ്ങുന്നത്.
വർഷങ്ങൾക്കുമുമ്പ് താനും മമ്മൂട്ടിയും ഒരുമിച്ച് പങ്കെടുത്ത നടൻ്റെ ജന്മദിനാഘോഷ പരിപാടിയെ അനുസ്മരിച്ചു കൊണ്ട് കടന്നപ്പള്ളി ഇങ്ങനെ എഴുതുന്നു. "ഞാനും മമ്മൂട്ടി ചേട്ടനും തലസ്ഥാന നഗരിയിൽ ശാന്തിഗിരിയിൽ ഒരു പരിപാടിയിൽ പങ്കെടുക്കുകയായിരുന്നു. ഞാൻ മമ്മൂട്ടി ചേട്ടൻ എന്ന് അഭിവാദ്യം ചെയ്ത് സംസാരിച്ചതും, മഹാനടന്റെ ഊഴം വന്നപ്പോൾ മമ്മൂട്ടി ചേട്ടൻ പറഞ്ഞു, കടന്നപ്പള്ളി എന്നെ മാത്രമല്ല എന്റെ മകൻ ദുൽക്കറിനെയും ചേട്ടാ എന്നാണ് വിളിക്കുന്നതെന്ന്...സദസ് ആകെ പൊട്ടിച്ചിരിച്ചത് ഞാനോർക്കുന്നു...
കടന്നപ്പള്ളി അനുസ്മരിക്കുന്ന സംഭവം നടന്നത് അഞ്ചു വർഷം മുമ്പാണ്. ശാന്തിഗിരി നവതി പുരസ്കാര ചടങ്ങിനൊപ്പം മമ്മൂട്ടിയുടെ ജന്മദിനാഘോഷ ചടങ്ങുകളും അന്ന് സംഘടിപ്പിച്ചിരുന്നു. മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി, ശ്രീലങ്കൻ പാർലമെൻ്റ് സ്പീക്കർ ദേശബന്ധു കരു ജയസൂര്യ തുടങ്ങി ഒട്ടേറെ പ്രമുഖർ ആ ചടങ്ങിൽ പങ്കെടുത്തിരുന്നു. അധ്യക്ഷ പ്രസംഗത്തിനിടെ മന്ത്രിയായ കടന്നപ്പള്ളി മമ്മൂട്ടിയെ "ചേട്ടൻ" എന്ന് സംബോധന ചെയ്തപ്പോൾ സദസ്സിൽ ചിരിയുണർന്നു. മറുപടി പ്രസംഗത്തിലെ മമ്മൂട്ടിയുടെ വാക്കുകളാണ് അതിലും രസകരമായത്. കടന്നപ്പള്ളി തന്നെ ചേട്ടൻ എന്നാണ് വിളിക്കുന്നത്. എന്നാൽ തൻ്റെ മകൻ ദുൽക്കറിനെപ്പോലും കടന്നപ്പള്ളി ചേട്ടാ എന്നാണ് വിളിക്കുന്നതെന്ന് മമ്മൂട്ടി പറഞ്ഞതോടെ വേദിയിലും സദസ്സിലും കൂട്ടച്ചിരിയായിരുന്നു. ഇത്രയും പ്രായമുള്ള ഒരു അനിയൻ എനിക്കുള്ളത് വലിയ സന്തോഷമുള്ള കാര്യമാണ് എന്ന താരത്തിൻ്റെ വാക്കുകൾ കൂടി കേട്ടതോടെ സദസ്സാകെ ഇളകി മറിയുകയായിരുന്നു.
എന്തായാലും 70 വയസ്സ് പിന്നിട്ട ഈ യുവ കോമളന് ഇനിയുമിനിയും അഭിനയ ജീവിതത്തിന്റെ ചക്രവാളത്തിലേക്ക് പറന്നുയരാൻ കഴിയട്ടെ എന്ന ആശംസകളോടെയാണ് 77 കാരനായ കടന്നപ്പള്ളി തൻ്റെ കുറിപ്പ് അവസാനിപ്പിക്കുന്നത്.