'കൈരളി നഴ്‌സ് ഓഫ് ദി ഇയർ അവാർഡ്' തൃശ്ശൂർ സ്വദേശി ഹാജറാബി വലിയകത്തിന്
ദുബായ്: മെഡി ക്ലിനിക് സിറ്റി ഹോസ്പിറ്റലിലെ നഴ്സും, ജീവകാരുണ്യ ഹസ്തം എന്ന സംഘടനയുടെ പ്രസിഡണ്ടും, ചൈൽഡ് പ്രൊട്ടക്ഷൻ ടീം എക്സിക്യൂട്ടീവ് അംഗം കൂടിയായ ഹാജറാബി വലിയകത്തിന് 'കൈരളി നഴ്‌സ് ഓഫ് ദി ഇയർ അവാർഡ്'. ദുബായിൽ വെള്ളിയാഴ്ച (04 ഫെബ്രുവരി) നടന്ന ചടങ്ങിൽ കേരള മുഖ്യമന്ത്രി പിണറായി വിജയൻ അവാർഡ് കൈമാറി. കേരളത്തിന്റെ യശസ്സ് ലോകത്ത് ഉയർത്തിപ്പിടിക്കുന്നതിൽ പ്രവാസി മലയാളികൾ നൽകുന്ന സംഭാവന വലുതാണെന്ന് അദ്ദേഹം ചടങ്ങിൽ അഭിപ്രായപ്പെട്ടു. മലയാളം കമ്മ്യൂണിക്കേഷൻസ് ലിമിറ്റഡ് ചെയർമാൻ മമ്മൂട്ടി അധ്യക്ഷത വഹിച്ച ചടങ്ങിൽ വ്യവസായ മന്ത്രി പി രാജീവ് മുഖ്യാഥിതിയായിരുന്നു.
നഴ്സിംഗ് ജോലിയെ, രോഗീ പരിചരണത്തിന്റെ മഹനീയ ജോലി എന്നതിലുപരി, രോഗിയെ സ്വന്തം കുടുംബാംഗം എന്ന നിലയിൽ കാണുകയും അവർക്കു വേണ്ടുന്ന എല്ലാ വിധ സഹായങ്ങളും, ആർദ്രതയോടെ, കരുതലോടെ പരിചരിക്കുക എന്നതും ഹാജറയുടെ പ്രത്യേകതയാണ്. ഒഴിവു ദിനങ്ങളിൽ ദുബായിലെ വിവിധ ലേബർ ക്യാമ്പുകൾ സന്ദർശിക്കുകയും അവർക്കു വേണ്ടുന്ന ആവശ്യങ്ങൾ മനസ്സിലാക്കി, സ്പോൺസർമാരെ കണ്ടെത്തി, വേണ്ട സഹായങ്ങൾ എത്തിക്കാനും മുൻ നിരയിൽ ഉണ്ടാകാറുണ്ട് ഹാജറാബി വലിയകത്ത്.
കേരളത്തിലെ പ്രളയ പ്രദേശങ്ങളിലേക്ക് നിത്യോപയോഗ സാധനങ്ങളും, വസ്ത്രങ്ങളും എത്തിക്കാൻ ഹാജറയുടെ നേതൃത്വത്തിൽ കാർഗോകൾ അയച്ചിരുന്നു.