രാഹുൽ ഗാന്ധിക്കൊപ്പം ഭാരത് ജോഡോ യാത്രയില്‍ പങ്കെടുത്ത് കമല്‍ഹാസൻ
ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്ത് നടന്ന ഭാരത് ജോഡോ യാത്രയിൽ പങ്കുചേർന്ന് മക്കൾ നീതി മയ്യം (എംഎൻഎം) നേതാവും നടനുമായ കമൽഹാസൻ. ഐടിഒയിൽ നിന്ന് ചെങ്കോട്ടയിലേക്ക് 3.5 കിലോമീറ്റർ ദൂരമാണ് കമൽഹാസൻ രാഹുലിനൊപ്പം സഞ്ചരിച്ചത്. കമലിനൊപ്പം മക്കൾ നീതി മയ്യം നേതാക്കളും യാത്രയിൽ പങ്കെടുത്തു. ചെങ്കോട്ടയിൽ നടന്ന പൊതുയോഗത്തെയും കമൽഹാസൻ അഭിസംബോധന ചെയ്തു. രാഹുൽ ഗാന്ധിയുടെ ക്ഷണം സ്വീകരിച്ചാണ് കമൽ യാത്രയിൽ പങ്കെടുത്തത്. തമിഴ്നാട്ടിൽ ഡിഎംകെ സഖ്യവുമായി കൈകോർക്കാനുള്ള നീക്കങ്ങൾ കമൽ ഹാസൻ നടത്തുന്നുണ്ട്. ഇതിനിടയിൽ ഭാരത് ജോഡോ യാത്രയിൽ രാഹുലിനൊപ്പം പങ്കെടുത്തതും ശ്രദ്ധേയമാണ്. ശനിയാഴ്ച രാവിലെ സോണിയാ ഗാന്ധിയും കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയും യാത്രയിൽ അണിചേർന്നു. 100 ദിവസത്തിലേറെ പൂർത്തിയാക്കിയ യാത്രയിൽ ഇത് രണ്ടാം തവണയാണ് സോണിയ പങ്കെടുക്കുന്നത്. കഴിഞ്ഞ ഒക്ടോബറിൽ കർണാടകയിലെത്തിയ രാഹുൽ ഗാന്ധിക്കൊപ്പം സോണിയ ഗാന്ധിയും യാത്രയുടെ ഭാഗമായിരുന്നു. കോൺഗ്രസ് പ്രസിഡന്‍റ് മല്ലികാർജുൻ ഖാർഗെ, ജയറാം രമേശ്, പവൻ ഖേര, ഭൂപീന്ദർ സിംഗ് ഹൂഡ, കുമാരി ഷെല്‍ജ, രൺദീപ് സുർജേവാല എന്നിവരാണ് ജോഡോ യാത്രയിൽ പങ്കെടുത്ത മറ്റ് നേതാക്കൾ.