നിയമസഭാ ഉപതിരഞ്ഞെടുപ്പിൽ ഡിഎംകെ മുന്നണിക്ക് വേണ്ടി കമൽ ഹാസൻ പ്രചാരണത്തിനിറങ്ങും
ചെന്നൈ: തമിഴ്നാട്ടിൽ നടക്കാനിരിക്കുന്ന ഈറോഡ് ഈസ്റ്റ് നിയമസഭാ ഉപതിരഞ്ഞെടുപ്പിൽ ഡിഎംകെ മുന്നണിക്ക് വേണ്ടി നടനും രാഷ്ട്രീയ നേതാവുമായ കമൽ ഹാസൻ പ്രചാരണം നടത്തും. കോൺഗ്രസിന്‍റെ ഇവികെഎസ് ഇളങ്കോവനാണ് ഡി.എം.കെയുടെ സ്ഥാനാർത്ഥി. വൈകിട്ട് 5 മുതൽ 7 വരെ അഞ്ച് സ്വീകരണയോഗങ്ങളിൽ കമൽ ഹാസൻ പങ്കെടുക്കും. മക്കൾ നീതി മയ്യം എന്ന രാഷ്ട്രീയ പാർട്ടി രൂപീകരിച്ചതു മുതൽ ഡിഎംകെ, എഡിഐഎംകെ മുന്നണികളിൽ നിന്ന് കമൽഹാസൻ തുല്യ അകലം പാലിച്ചിരുന്നു. മത-വർഗീയ ശക്തികളെ ചെറുക്കാൻ മതേതര പാർട്ടികൾ ഒന്നിക്കണമെന്നതാണ് തന്‍റെ രാഷ്ട്രീയമെന്ന പ്രഖ്യാപനവുമായാണ് കമൽ ഹാസൻ ഈറോഡിൽ പ്രചാരണം നടത്തുന്നത്. വരാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പിന് മുമ്പ് മക്കൾ നീതി മയ്യം (എംഎൻഎം) ഡിഎംകെ മുന്നണിയിൽ ചേരാൻ സാധ്യതയുണ്ട് എന്നാണ് വിവരം.