കമല ഹാരിസ് വാഷിങ്ങ്ടൺ ഡി സി യിലെ വീടുവിറ്റത് 1.85 മില്യൺ യുഎസ് ഡോളറിന്
അമേരിക്കൻ വൈസ് പ്രസിഡൻ്റ് കമല ഹാരിസ് വാഷിങ്ങ്ടൺ ഡിസിയിലെ വീട് വിറ്റു. ഏപ്രിൽ മുതൽ വിൽപ്പനയ്ക്ക് വെച്ചിരുന്ന കോൺഡോമിനിയം പ്രതീക്ഷിച്ചതിലും കുറഞ്ഞ വിലയ്ക്കാണ് വിറ്റുപോയതെന്ന് വോൾ സ്ട്രീറ്റ് ജേണൽ റിപ്പോർട്ടു ചെയ്യുന്നു. 2017 ഒക്ടോബറിലാണ് 1.775 മില്യൺ അമേരിക്കൻ ഡോളർ ചെലവാക്കി ഹാരിസും ഭർത്താവ് ഡഗ്ലസ് എംഹോഫും വീട് വാങ്ങുന്നത്. സെനറ്ററായിരുന്നപ്പോൾ ഹാരിസ് ഇടയ്ക്കിടെ താമസിച്ചിരുന്നത് ഇവിടെയാണ്. ഏപ്രിലിൽ വിൽപ്പനയ്ക്ക് വെച്ചപ്പോൾ കോൺഡോയ്ക്ക് നിശ്ചയിച്ച വില 1.995 മില്യൺ യു എസ് ഡോളറായിരുന്നു. മാസങ്ങൾ കഴിഞ്ഞിട്ടും വിൽപ്പന നടക്കാതിരുന്നതോടെ ജൂലൈയിൽ 1.85 മില്യണായി വില കുറയ്ക്കുകയായിരുന്നു. അതിനു ശേഷമാണ് വിൽപ്പന നടന്നത്. കോൺഡോ വിപണിയിലെ മാന്ദ്യമാണ് വില കുറയാൻ കാരണമായതെന്ന് ഫോബ്സ് റിപ്പോർട്ടു ചെയ്യുന്നു.
2 കിടപ്പുമുറികളും 2 ബാത്ത് റൂമുകളുമുള്ള, 1700 ചതുരശ്ര അടി വിസ്തീർണമുള്ള കോൺഡോയിൽ എല്ലാവിധ ആധുനിക സംവിധാനങ്ങളും ഉണ്ട്. ഇറ്റാലിയൻ കാബിനറ്റുകളും ഹാർഡ് വുഡ് ഫ്ലോറുകളും സ്പാ ഇൻസ്പയേഡ് ബാത്ത് റൂമുകളും ഗ്ലാസ് വോളുകളും ഉൾപ്പെടെ യൂറോപ്യൻ ആഡംബര വസതികൾക്ക് സമാനമായ സൗകര്യങ്ങളാണ് വീട്ടിൽ ഉണ്ടായിരുന്നത്. റൂഫ് ടോപ്പിലെ ഹീറ്റഡ് സ്വിമ്മിങ്ങ് പൂളും പ്രൈവറ്റ് ക്ലബ്ബ് ഹൗസുമാണ് മറ്റൊരു സവിശേഷത.
വൈസ് പ്രസിഡൻ്റായി ചുമതലയേറ്റതിനു ശേഷം കമല ഹാരിസ് വിൽക്കുന്ന രണ്ടാമത്തെ അപാർട്ട്മെൻ്റാണ് വാഷിങ്ങ്ടൺ ഡി സി യിലേത്. നേരത്തേ സാൻഫ്രാൻസിസ്കോയിലെ ആഡംബര വസതിയും കമല ഹാരിസ് വിറ്റിരുന്നു.
8,60, 000 അമേരിക്കൻ ഡോളറിനാണ് അത് വിറ്റത്. ലോസ് ഏയ്ഞ്ചലസിലെ ബ്രെൻ്റ് വുഡ് ഏരിയയിൽ 5 മില്യൺ യു എസ് ഡോളർ വിലമതിക്കുന്ന മറ്റൊരു വസതി കൂടി കമല ഹാരിസിൻ്റെയും ഭർത്താവ് ഡഗ്ലസ് എംഹോഫിൻ്റെയും പേരിലുണ്ട്.