"പത്മശ്രീ മടക്കിനൽകാം, എന്റെ ചോദ്യങ്ങൾക്ക് ഉത്തരം നൽകിയാൽ," ആസാദി വിവാദത്തിൽ പ്രതികരണവുമായി കങ്കണ
1857-ലാണ് സ്വാതന്ത്ര്യത്തിനായുള്ള ആദ്യത്തെ കൂട്ടായ പോരാട്ടം നടന്നതെന്ന് ഇൻസ്റ്റഗ്രാം കുറിപ്പിൽ കങ്കണ പറയുന്നു. സുഭാഷ് ചന്ദ്രബോസ്, റാണി ലക്ഷ്മിഭായ്, വീരസവർക്കർ തുടങ്ങിയ മഹാന്മാരുടെ ത്യാഗപൂർണമായ പോരാട്ടങ്ങളും ഇതോടൊപ്പം കാണണം. അഭിമുഖത്തിൽ അതെല്ലാം താൻ വളരെ വ്യക്തമായി പരാമർശിച്ചിട്ടുണ്ട്. 1947-ൽ എന്ത് പോരാട്ടമാണ് നടന്നതെന്ന് തനിക്ക് അറിയില്ല. ആർക്കെങ്കിലും അതേപ്പറ്റി തന്നെ ബോധവത്കരിക്കാൻ കഴിഞ്ഞാൽ പത്മശ്രീ തിരികെ നൽകി മാപ്പ് ചോദിക്കാം. കോൺഗ്രസ്സിനെ 'ഭിക്ഷക്കാർ' എന്ന് വിളിച്ചതിനെയും നടി ന്യായീകരിച്ചു. താൻ മാത്രമല്ല അങ്ങനെ വിളിച്ചിട്ടുള്ളത്.
സ്വാതന്ത്ര്യ സമരസേനാനി റാണി ലക്ഷ്മി ഭായിയുടെ വേഷം ചെയ്ത 'മണികർണിക: ദി ക്വീൻ ഓഫ് ഝാൻസി' എന്ന ചിത്രത്തെ പരാമർശിച്ച്, 1857-ലെ പ്രക്ഷോഭത്തെപ്പറ്റി വിപുലമായ ഗവേഷണം താൻ നടത്തിയിട്ടുണ്ടെന്ന് താരം പറഞ്ഞു. എന്തുകൊണ്ടാണ് ആ പോരാട്ടം അതിവേഗം കെട്ടടങ്ങിയതെന്ന് താരം ചോദിച്ചു. എന്തുകൊണ്ടാണ് ഗാന്ധി ഭഗത് സിംഗിനെ മരിക്കാൻ അനുവദിച്ചത്. എന്തുകൊണ്ടാണ് സുബാഷ് ചന്ദ്രബോസ് കൊല്ലപ്പെടുകയും ഗാന്ധിജിയുടെ പിന്തുണ അദ്ദേഹത്തിന് ഒരിക്കലും ലഭിക്കാതിരിക്കുകയും ചെയ്തത്. എന്തുകൊണ്ടാണ് വിഭജനത്തിന്റെ രേഖ ഒരു വെള്ളക്കാരൻ വരച്ചത്. ഐഎൻഎയുടെ ചെറിയൊരു പോരാട്ടം കൊണ്ടുപോലും ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിക്കുമായിരുന്നു. സുഭാഷ് ചന്ദ്രബോസ് പ്രധാനമന്ത്രി ആകുമായിരുന്നു. പോരാടാനും സ്വാതന്ത്ര്യം പിടിച്ചു വാങ്ങാനും വലതുപക്ഷം തയ്യാറായിട്ടും കോൺഗ്രസ്സിൻ്റെ ഭിക്ഷാപാത്രത്തിൽ അത് ഇട്ടുകൊടുത്തത് എന്തുകൊണ്ടാണെന്ന് നടി ചോദിച്ചു.
2014-ലാണ് രാജ്യം യഥാർഥത്തിൽ സ്വാതന്ത്ര്യം നേടിയതെന്ന പ്രസ്താവനയുടെ രണ്ടാം ഭാഗത്തെ കുറിച്ചും താരം പ്രതികരിച്ചിട്ടുണ്ട്. മരിച്ചുപോയ ഒരു നാഗരികത ഉയർത്തെണീറ്റത് 2014-ൽ ആണ്. രാജ്യത്തിൻ്റെ ബോധനിലവാരവും മന:സാക്ഷിയുമെല്ലാം ഉണർന്നത് അപ്പോഴാണ്. ഇപ്പോഴത് കൂടുതൽ കൂടുതൽ ഉയരങ്ങളിലേക്ക് ചിറകടിച്ച് പറക്കുകയാണെന്നും നടി പറഞ്ഞു.
വിവാദമായ അഭിമുഖം ടെലികാസ്റ്റ് ചെയ്ത ടൈംസ് നൗ വിവാദങ്ങളിൽനിന്ന് അകന്നു നിൽക്കുന്ന സമീപനമാണ് സ്വീകരിച്ചത്. "2014-ലാണ് ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം കിട്ടിയതെന്ന് കങ്കണ വിചാരിച്ചേക്കാം. എന്നാൽ ഒരു യഥാർഥ ഇന്ത്യക്കാരനും അക്കാര്യം അംഗീകരിക്കാൻ കഴിയില്ല. തലമുറകൾക്ക് ആത്മാഭിമാനത്തോടെയും അന്തസ്സോടെയും ജനാധിപത്യ സമൂഹത്തിൽ ജീവിക്കാൻവേണ്ടി ജീവൻ ബലിയർപിച്ച ദശലക്ഷക്കണക്കിന് സ്വാതന്ത്ര്യസമര സേനാനികൾക്ക് ഇത് അപമാനകരമാണ്," വിവാദങ്ങളോട് പ്രതികരിച്ചു കൊണ്ട് ചാനൽ ട്വീറ്റ് ചെയ്തു.