'പാവം ആമിർ..'; ആമിർ ഖാനെയും പരിഹസിച്ച് കങ്കണ റണാവത്ത്
മുംബൈ: ആമിർ ഖാനെതിരെ രംഗത്തെത്തി ബോളിവുഡ് നടി കങ്കണ റണാവത്ത്. ട്വിറ്ററിൽ കങ്കണയെക്കുറിച്ച് നല്ല കാര്യങ്ങൾ പറഞ്ഞ ആമിറിനെ മോശമായാണ് കങ്കണ അഭിസംബോധന ചെയ്തത്. എഴുത്തുകാരി ശോഭ ഡേയുടെ പരിപാടിയിൽ ആമിർ പറഞ്ഞ വാക്കുകളാണ് കങ്കണയെ പ്രകോപിപ്പിച്ചത്. നോവലിസ്റ്റും കോളമിസ്റ്റുമായ ശോഭ ഡേയുടെ പുതിയ പുസ്തകത്തിന്‍റെ പ്രമോഷൻ പരിപാടിയിൽ ആമിർ ഖാൻ പങ്കെടുത്തിരുന്നു. ശോഭ ഡേയുടെ വേഷം സിനിമയില്‍ ഏത് നടി ചെയ്യണമെന്നാണ് ആഗ്രഹം എന്ന് ആമിറിനോട് ചോദിച്ചു. ആലിയ ഭട്ട്, ദീപിക പദുക്കോൺ, പ്രിയങ്ക ചോപ്ര എന്നീ നടിമാരെയാണ് ആമിർ തിരഞ്ഞെടുത്തത്. എന്നിരുന്നാലും, ശോഭ ഡേ കങ്കണ റണാവത്തിൻ്റെ പേരാണ് പറഞ്ഞത്. കങ്കണയെ ശക്തയായ നടിയെന്ന് വിശേഷിപ്പിച്ച ആമിർ, കങ്കണയും ഈ റോളിന് യോജ്യയാണ് എന്ന് പറയുകയും ചെയ്തു. ട്വിറ്റർ പേജായ കങ്കണ ഡെയ്ലി ഈ വീഡിയോ പങ്കുവച്ചിരുന്നു. "കങ്കണയുടെ വൈവിധ്യമാർന്ന പ്രകടനത്തെ ആമിർ പ്രശംസിക്കുന്നു എന്നായിരുന്നു ക്യാപ്ഷൻ. പക്ഷെ, ഇത് റീട്വീറ്റ് ചെയ്ത കങ്കണ തനിക്ക് മുന്‍നിര ബോളിവുഡ് നടന്മാരോടുള്ള വെറുപ്പ് മറച്ചുവയ്ക്കാതിരുന്നില്ല. 'പാവം ആമിർ ഖാൻ. മൂന്ന് തവണ ദേശീയ അവാർഡ് നേടിയ ഒരേയൊരു നടി ഞാനാണെന്ന് അറിയാത്ത പോലെ അഭിനയിക്കാന്‍ പരമാവധി ശ്രമിച്ചു' എന്നാണ് കങ്കണ ട്വീറ്റ് ചെയ്തത്.