ഗാന്ധിജിയെ പരിഹസിച്ച്, പുതിയ വിവാദങ്ങൾക്ക് തുടക്കമിട്ട് കങ്കണ
വിവാദങ്ങൾക്കു പിന്നാലെ വിവാദങ്ങൾ ഉയർത്തി പ്രമുഖ ബോളിവുഡ് താരം കങ്കണ റണൗത്. ഒരു കവിളത്ത് അടിക്കുന്നവർക്ക് മറുകവിൾ കാണിച്ചു കൊടുത്താൽ "ഭിക്ഷ"യാണ് കിട്ടുകയെന്നും സ്വാതന്ത്ര്യമല്ലെന്നും നടി ഗാന്ധിയുടെ അഹിംസാ സിദ്ധാന്തത്തെ കടന്നാക്രമിച്ചു. 1947-ൽ ഇന്ത്യയ്ക്ക് ലഭിച്ച സ്വാതന്ത്ര്യം ഭിക്ഷയായിരുന്നു എന്ന കങ്കണയുടെ പരാമർശത്തിനെതിരെ ഉയർന്ന ഒച്ചപ്പാടുകൾ കെട്ടടങ്ങുന്നതിന് മുമ്പേ പുതിയ വിവാദങ്ങൾക്ക് തിരികൊളുത്തുകയാണ് ഗാന്ധി നിന്ദയിലൂടെ നടി. സുബാഷ് ചന്ദ്രബോസിൻ്റെയും ഭഗത് സിങ്ങിൻ്റേയും നയങ്ങളെ ഗാന്ധിജി പിന്തുണച്ചിരുന്നില്ലെന്നും വീരനായകന്മാരെ ബുദ്ധിപൂർവം തിരഞ്ഞെടുക്കണമെന്നും കങ്കണ ആവശ്യപ്പെട്ടു.
സുബാഷ് ചന്ദ്രബോസ് രാജ്യത്ത് എത്തിയാൽ അദ്ദേഹത്തെ കൈമാറാം എന്ന് ബ്രിട്ടീഷ് ജഡ്ജുമായി ഗാന്ധിജിയും ജവാഹർലാൽ നെഹ്റുവും മുഹമ്മദലി ജിന്നയും ധാരണയിൽ എത്തിയിരുന്നു എന്ന കാലങ്ങൾ പഴക്കമുള്ള ഏതോ പത്രറിപ്പോർട്ട് കുത്തിപ്പൊക്കിയാണ് കങ്കണ പുതിയ വിവാദങ്ങൾക്ക് തിരി കൊളുത്തിയിരിക്കുന്നത്. ഒന്നുകിൽ നിങ്ങൾക്കൊരു ഗാന്ധി ആരാധകനാവാം, അല്ലെങ്കിൽ സുബാഷ് ചന്ദ്രബോസിൻ്റെ നിലപാടുകളെ പിന്തുണയ്ക്കാം. രണ്ടും ഒന്നിച്ച് നടക്കില്ലെന്നും വീരനായകന്മാരെ തിരഞ്ഞെടുക്കേണ്ടത് ബുദ്ധിപൂർവമാണെന്നും കങ്കണ സോഷ്യൽ മീഡിയയിൽ കുറിച്ചു.