ആലിയ ഭട്ടിൻ്റെ സിനിമയ്ക്ക് പിന്നിൽ മൂവി മാഫിയ മാത്തമാറ്റിക്സ് കളിക്കുന്നതായി കങ്കണ റണൗത്
സഞ്ജയ് ലീല ബൻസാലിയുടെ ആലിയ ഭട്ട് ചിത്രം ഗംഗുഭായ് കത്തിയവാഡിക്കെതിരെ പ്രശസ്ത ബോളിവുഡ് താരം കങ്കണ റണൗത്. ചിത്രം ബോക്സോഫീസ് റെക്കോഡുകൾ തകർത്തെന്ന പ്രചാരണത്തെ പരിഹസിച്ചാണ് കങ്കണ രംഗത്തെത്തിയത്. ചിത്രത്തിൻ്റെ പേരെടുത്ത് പറയാതെയാണ് പരാമർശങ്ങൾ.
75 കോടി രൂപ ചെലവാക്കി നിർമിച്ച പടം മൂന്നു ദിവസത്തിനുള്ളിൽ 43 കോടി കളക്റ്റ് ചെയ്താലും ദുരന്തമെന്ന് പറയുന്നവർ 160 കോടി രൂപ ചെലവാക്കി നിർമിച്ച സിനിമ ആഴ്ചയുടെ അവസാനം 35 കോടി രൂപ കളക്റ്റ് ചെയ്യുമ്പോൾ സൂപ്പർ ഹിറ്റ് എന്ന് വിശേഷിപ്പിക്കുന്നത് എന്തൊരു വിരോധാഭാസമാണെന്ന് കങ്കണ ചോദിച്ചു. ചിത്രത്തിന് പിന്നിലുളളത് മൂവി മാഫിയ മാത്തമാറ്റിക്സ് ആണ്.
ഒരു സ്ത്രീ കേന്ദ്രിത സിനിമക്ക് ഇന്ത്യയിൽ ലഭിച്ച ഏറ്റവും വലിയ കളക്ഷൻ എന്നത് താൻ നായികയായ മണികർണിക ആദ്യ ആഴ്ചയിൽ നേടിയ 42.55 കോടി രൂപയാണെന്ന് കങ്കണ പറഞ്ഞു. താൻ നായികയായ ആ ചിത്രത്തിന് 200 കോടിയുടെ ബജറ്റ് ഉണ്ടായിരുന്നില്ല. വമ്പൻ സംവിധായകൻ അല്ലായിരുന്നു. ചിത്രത്തിന് പിറകിൽ വമ്പൻ സ്റ്റാറുകളോ പി ആർ മാഫിയാ റാക്കറ്റുകളോ ഉണ്ടായിരുന്നില്ല. സോളോ റിലീസ് പോലും ആയിരുന്നില്ല. ഉറി, ബാലാ സാഹെബ് താക്കറേ പോലുള്ള വമ്പൻ ചിത്രങ്ങളോടാണ് മണി കർണിക മത്സരിച്ചത്. എന്നിട്ടും കളക്ഷനിൽ മുന്നിലെത്താൻ അതിന് കഴിഞ്ഞത് പ്രതിഭ കൊണ്ടാണെന്ന് കങ്കണ പറഞ്ഞു.
ആലിയ ഭട്ടിനെ നായികയാക്കി സഞ്ജയ് ലീല ബൻസാലി സംവിധാനം ചെയ്ത ചിത്രം പ്രേക്ഷക പ്രശംസയും ബോക്സോഫീസ് കളക്ഷനും നേടി മുന്നേറുന്നതിനിടയിലാണ് കങ്കണയുടെ ഒളിപ്പോര് വരുന്നത്. തകർപ്പൻ പ്രകടനമാണ് ചിത്രത്തിൽ ആലിയ ഭട്ട് കാഴ്ചവെച്ചിരിക്കുന്നതെന്ന് പ്രേക്ഷകർ പറയുന്നു. റഹിം ലാല എന്ന അധോലോക നേതാവിൻ്റെ വേഷത്തിൽ അജയ് ദേവ്ഗണും ചിത്രത്തിലുണ്ട്.