'തലൈവി' റിലീസിന് മുന്നോടിയായി തിയേറ്ററുകൾ തുറന്നു പ്രവർത്തിക്കാൻ അഭ്യർഥിച്ച് കങ്കണ റണൗത്
തിയേറ്ററുകൾ തുറന്നു പ്രവർത്തിപ്പിച്ച് മരിച്ചു കൊണ്ടിരിക്കുന്ന സിനിമാ വ്യവസായത്തെ രക്ഷപ്പെടുത്താൻ മഹാരാഷ്ട്ര സർക്കാരിനോട് ബോളിവുഡ് അഭിനേത്രി കങ്കണ റണൗതിൻ്റെ അഭ്യർഥന. ഇൻസ്റ്റഗ്രാം സ്റ്റോറിയിലാണ് 'തലൈവി' റിലീസിന് മുന്നോടിയായുള്ള താരത്തിൻ്റെ അഭ്യർഥന.
മഹാരാഷ്ട്രയിൽ കോവിഡ് കേസുകൾ കുറഞ്ഞെന്നും തിയേറ്ററുകൾ ഇനി തുറന്നു പ്രവർത്തിപ്പിക്കാമെന്നും കങ്കണ പറയുന്നു.
"മഹാരാഷ്ട്രയിൽ ഹോട്ടലുകളും റസ്റ്റൊറൻ്റുകളും ഓഫീസുകളും ലോക്കൽ ട്രെയ്നുകളും പ്രവർത്തിക്കുന്നുണ്ട്. എന്നാൽ സിനിമാ തിയേറ്ററുകൾ മാത്രം അടഞ്ഞുകിടക്കുന്നു. തിയേറ്ററുകളിൽ മാത്രം പടർന്നു പിടിക്കുന്ന അസുഖമാണ് കോവിഡ് എന്നാണ് സർക്കാർ കരുതുന്നത് "-ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ കങ്കണ കുറിച്ചു.
സെപ്റ്റംബർ 10-നാണ് തലൈവി റിലീസ് ചെയ്യുന്നത്. തിയേറ്ററുകളിലാണ് സിനിമ റിലീസ് ചെയ്യുന്നതെന്ന് നിർമാതാക്കൾ അവകാശപ്പെടുന്നു. തിയേറ്റർ റിലീസിന് ശേഷം നെറ്റ്ഫ്ലിക്സിലും ആമസോൺ പ്രൈമിലുമായി ഒരേ സമയം ഒ ടി ടി റിലീസ് നടത്തുമെന്നും പ്രഖ്യാപിച്ചിട്ടുണ്ട്.
ഹിന്ദി, തമിഴ്, തെലുഗ് ഭാഷകളിൽ പുറത്തിറങ്ങുന്ന ചിത്രത്തിൽ ആറു തവണ തമിഴ്നാട് മുഖ്യമന്ത്രിയായ ജെ ജയലളിതയുടെ വേഷമാണ് കങ്കണ ചെയ്യുന്നത്. ചിത്രത്തിൻ്റെ സംവിധായകൻ എ എൽ വിജയ് ആണ്. എം ജി ആറിൻ്റെ വേഷത്തിൽ അരവിന്ദ് സ്വാമിയും കരുണാനിധിയായി നാസറും അഭിനയിക്കുന്നു. എം ജി ആറിൻ്റെ ഭാര്യ ജാനകിയായി മധുബാലയും ശശികലയായി പൂർണയും ഇന്ദിരാ ഗാന്ധിയായി ഫ്ലോറാ ജേക്കബും എത്തുന്നു.