കണ്ണൂർ കാര്‍ അപകടം; തീപിടുത്തമുണ്ടായത് ഷോര്‍ട്ട്‌സര്‍ക്യൂട്ട് മൂലമെന്ന് അന്വേഷണസംഘം
കണ്ണൂർ: കണ്ണൂരിൽ യുവദമ്പതികൾ സഞ്ചരിച്ച കാർ കത്തിയത് ഷോർട്ട് സർക്യൂട്ട് മൂലമാണെന്ന് പ്രത്യേക അന്വേഷണ സംഘത്തിൻ്റെ കണ്ടെത്തൽ. കാറിലെ സാനിറ്റൈസറും പെർഫ്യൂമിനായി ഉപയോഗിച്ച സ്പ്രേയും ആകാം തീപിടിത്തത്തിൻ്റെ ആക്കം കൂട്ടാൻ കാരണമെന്ന് കണ്ണൂർ ആർടിഒയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം, നോർത്ത് സോൺ ഡെപ്യൂട്ടി ട്രാൻസ്പോർട്ട് കമ്മീഷണർക്ക് സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു. എന്നാൽ കാറിൽ കണ്ടെത്തിയ മറ്റ് വസ്തുക്കളുടെ രാസപരിശോധനാ ഫലങ്ങൾ പുറത്തുവന്നിട്ടില്ല. അപകട കാരണം കണ്ടെത്താൻ പ്രത്യേകം നിയോഗിച്ച സംഘത്തിൽ കണ്ണൂർ ആർ.ടി.ഒ. ഇ.എസ്. ഉണ്ണികൃഷ്ണനെ കൂടാതെ എം.വി.ഐ.മാരായ പി.വി.ബിജു, ജഗൻലാൽ എന്നിവരും സന്നിഹിതരായിരുന്നു. തിങ്കളാഴ്ച സാങ്കേതിക വിദഗ്ധരുടെ സാന്നിധ്യത്തിൽ അപകടത്തിൽപ്പെട്ട കാർ, സംഘം പരിശോധിച്ചു. ഫെബ്രുവരി രണ്ടിന് കണ്ണൂർ ജില്ലാ ആശുപത്രിക്ക് സമീപമായിരുന്നു അപകടം. കുറ്റിയാട്ടൂര്‍ സ്വദേശി ടി.വി.പ്രജിത്ത് (35), ഗർഭിണിയായ ഭാര്യ റീഷ (26) എന്നിവരാണ് മരിച്ചത്. മരിച്ച രണ്ടുപേരും അപകട സമയത്ത് വാഹനത്തിന്‍റെ മുൻ സീറ്റിൽ ഇരിക്കുകയായിരുന്നു. റിഷയുടെ മാതാപിതാക്കളടക്കം നാലുപേരാണ് അപകടസമയത്ത് വാഹനത്തിലുണ്ടായിരുന്നത്. ഇവർ പരിക്കേൽക്കാതെ രക്ഷപ്പെട്ടതായാണ് വിവരം.