ഇ ബുൾ ജെറ്റ്; ആർ ടി ഒയുടെ കുറ്റപത്രം; 'നെപ്പോളിയൻ' ഇനി കോടതിയുടെ അധീനതയിൽ.

കണ്ണൂർ: ഇ ബുൾ ജെറ്റ് വ്ലോഗർമാർക്കെതിരെ ആർ ടി ഒയുടെ കുറ്റപത്രം. ഇ ബുൾ ജെറ്റ് സഹോദരങ്ങൾ തങ്ങളുടെ വാഹനം അപകടകരമാകും വിധത്തിൽ രൂപമാറ്റം വരുത്തി എന്നാണ് കുറ്റപത്രത്തിൽ പ്രധാനമായും ചൂണ്ടിക്കാട്ടുന്നത്. വാഹനത്തിൽ ബീക്കൺ ലൈറ്റ് ഘടിപ്പിച്ചു, സൈറൺ ഘടിപ്പിച്ചു, പൊതുജനങ്ങൾക്ക് ഹാനികരമാകുന്ന രീതിയിൽ ലൈറ്റും ഹോണും ഉപയോഗിക്കുകയും അതുപയോഗിച്ച് യാത്ര നടത്തുകയും ചെയ്തു, എൽ ഇ ഡി ലൈറ്റുകൾ വാഹനത്തിൽ ഘടിപ്പിച്ചു തുടങ്ങിയ കുറ്റങ്ങളാണ് 1988-ലെ മോട്ടോർ വാഹന നിയമവുമായി ബന്ധപ്പെട്ട് ആർ ടി ഒ കുറ്റപത്രത്തിൽ ചുമത്തിയിരിക്കുന്നത്.

നികുതി അടക്കുന്നതിൽ ഇ ബുൾ ജെറ്റ് സഹോദരങ്ങൾ വീഴ്ച വരുത്തി എന്നതാണ് മറ്റൊന്ന്. വാഹനം ഭേദഗതി ചെയ്തതിന് ശേഷം അതിന് ആനുപാതികമായി നികുതി അടച്ചില്ല എന്നതുൾപ്പെടെ കുറ്റപത്രത്തിൽ വ്യക്തമാക്കുന്നു.

അതേസമയം ഇവരുടെ വാഹനത്തിന്റെ ലൈസൻസ് റദ്ദാക്കുന്നതുമായി ബന്ധപ്പെട്ട് ഇ ബുൾ ജെറ്റ് വ്ലോഗർമാരുടെ വീട്ടിൽ മോട്ടോർ വാഹന വകുപ്പ് നോട്ടീസ് പതിപ്പിച്ചു. ഏഴുദിവസത്തിനകം നോട്ടീസിന് മറുപടി നൽകണമെന്നാണ് ആവശ്യം.

തലശ്ശേരി അഡീഷണൽ സെഷൻസ് കോടതിയിലായിരിക്കും ആർ ടി ഒ കുറ്റപത്രം സമർപ്പിക്കുക. ഇതോടെ ഈ ബുൾ ജെറ്റ് വാഹനം കോടതിയുടെ അധീനതയിലാകും.

Related Posts