കണ്ണൂർ സർവകലാശാല വിവാദ സിലബസിൽ തീരുമാനം ഇന്നുണ്ടായേക്കും

കണ്ണൂർ സർവകലാശാലയിൽ വിവാദങ്ങൾക്ക് ഇടയാക്കിയ പി ജി സിലബസ് വിഷയത്തിൽ നിർണായക തീരുമാനം ഇന്നുണ്ടാവാൻ സാധ്യത. അക്കാദമിക് കൗൺസിൽ ഇന്ന് ഓൺലൈനായി യോഗം ചേരുന്നുണ്ട്.

ആർ എസ് എസ് ആചാര്യന്മാരുടെ പുസ്തകങ്ങൾ പി ജി ഗവേണൻസ് ആൻ്റ് പൊളിറ്റിക്സിൻ്റെ മൂന്നാം സെമസ്റ്ററിൽ ഇടം പിടിച്ചതാണ് വലിയ തോതിലുള്ള വിമർശനങ്ങൾക്കും ഒച്ചപ്പാടുകൾക്കും ഇടയാക്കിയത്. സവർക്കറുടെ 'ആരാണ് ഹിന്ദു', ഗോൾവാൾക്കറുടെ 'വിചാരധാര' തുടങ്ങി വർഗീയത വളർത്തുന്ന കൃതികളെ സിലബസിൻ്റെ ഭാഗമാക്കിയ നടപടി പൊതുസമൂഹത്തിൽ വ്യാപകമായ വിമർശനത്തിന് വഴിവെച്ചതോടെ തീരുമാനം താത്കാലികമായി മരവിപ്പിച്ചിരുന്നു.

വിവാദമായ സിലബസ് പൊളിച്ചെഴുതാനുള്ള നിർദേശങ്ങളാണ് വിദഗ്ധസമിതി നൽകിയത്. സവർക്കറുടേയും ഗോൾവാൾക്കറുടേയും ലേഖനങ്ങൾ അടങ്ങിയ ഒരു പുസ്തകം മാത്രം നിലനിർത്താനും ദീൻ ദയാൽ ഉപാധ്യായയുടേയും മറ്റും പുസ്തകങ്ങൾ പൂർണമായി ഒഴിവാക്കാനുമുള്ള നിർദേശങ്ങളാണ് ഉയർന്നു വന്നിട്ടുള്ളത്. ഗാന്ധിയൻ ദർശനം വിശദമായി പഠിപ്പിക്കണമെന്നും ഇസ്ലാമിക, ദ്രാവിഡ, സോഷ്യലിസ്റ്റ് ചിന്താ ധാരകൾ കൂടി ഉൾപ്പെടുത്തണമെന്നും നിർദേശിച്ചിട്ടുണ്ട്. ഗവേണൻസിൽ കൗടില്യനെക്കൂടി ഉൾക്കൊള്ളിക്കണമെന്നും വിദഗ്ധ സമിതിയുടെ റിപ്പോർട്ടിൽ പറയുന്നു.

ഇന്ന് ചേരുന്ന അക്കാദമിക് കൗൺസിൽ ഇക്കാര്യത്തിൽ അന്തിമ തീരുമാനം കൈക്കൊള്ളുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

Related Posts