'കാന്താരയ്ക്ക്' രണ്ടാം ഭാഗം വരുന്നു; ജൂണിൽ ഷൂട്ടിംഗ് ആരംഭിക്കാൻ തീരുമാനം
ഇന്ത്യൻ സിനിമയിലെ കഴിഞ്ഞ വർഷത്തെ ഏറ്റവും വലിയ ഹിറ്റുകളിൽ ഒന്നായിരുന്നു കാന്താര എന്ന കന്നഡ ചിത്രം. 395 കോടി രൂപയുടെ ബോക്സ് ഓഫീസ് വിജയം മാത്രമല്ല, ചിത്രം പ്രേക്ഷകരിൽ വലിയ സ്വാധീനം ചെലുത്തുകയും ചെയ്തിരുന്നു. ചിത്രത്തിന്‍റെ നിർമ്മാതാവ് വിജയ് കിരഗണ്ഡൂര്‍ ചിത്രത്തിന്‍റെ തുടർച്ചയ്ക്കുള്ള സാധ്യതയെക്കുറിച്ച് നേരത്തെ സൂചന നൽകിയിരുന്നു. ചിത്രത്തിന്‍റെ സീക്വല്‍ ആണോ പ്രീക്വല്‍ ആണോ ഉണ്ടാവുന്നതെന്ന് ഇപ്പോൾ പറയാൻ കഴിയില്ലെന്നും സംവിധായകൻ ഋഷഭ് ഷെട്ടിയുമായി കൂടിയാലോചിച്ച ശേഷം മാത്രമേ തീരുമാനമെടുക്കൂ എന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇപ്പോൾ ഈ പദ്ധതിയെക്കുറിച്ച് കൂടുതൽ വ്യക്തത വന്നിരിക്കുകയാണ്. നിർമ്മാതാവ് വിജയ് കിരഗണ്ഡൂരിനെ ഉദ്ധരിച്ച് പ്രമുഖ വിദേശ വിനോദ മാധ്യമമായ ഡെഡ്ലൈൻ ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. കാന്താരയിലെ പഞ്ചുരുളി ദൈവ എന്ന ഭൂതക്കോലത്തിന്‍റെ പൂർവകഥയെ ആസ്പദമാക്കിയുള്ള പ്രീക്വലായിട്ടാണ് ചിത്രത്തിൻ്റെ രണ്ടാം ഭാഗം എത്തുന്നത്. ഋഷഭ് ഷെട്ടി ഇതിനകം തന്നെ ചിത്രത്തിന്‍റെ രചന ആരംഭിച്ചിട്ടുണ്ടെന്നും അദ്ദേഹം തന്‍റെ റൈറ്റിംഗ് അസിസ്റ്റന്‍റുമാരോടൊപ്പം ഗവേഷണ ആവശ്യങ്ങൾക്കായി വനത്തിലേക്ക് പോയിട്ടുണ്ടെന്നും നിർമാതാവ് പറഞ്ഞു. ജൂണിൽ ഷൂട്ടിംഗ് ആരംഭിക്കാനാണ് ഋഷഭ് പദ്ധതിയിട്ടിരിക്കുന്നത്. കാരണം മഴക്കാലത്താണ് ചിത്രീകരണത്തിന്‍റെ ഒരു ഘട്ടം നടത്തേണ്ടത്. 2024 ഏപ്രിൽ അല്ലെങ്കിൽ മെയ് മാസങ്ങളിൽ പാൻ-ഇന്ത്യൻ റിലീസാണ് ആസൂത്രണം ചെയ്യുന്നത്. കാന്താര വൻ വിജയമായതിനാൽ രണ്ടാം ഭാഗം വരുമ്പോൾ പ്രേക്ഷകരുടെ പ്രതീക്ഷകളും വളരെ വലുതാണ്. താരനിരയിലേക്ക് പുതിയ ആളുകളും വരുമെന്ന് ഹൊംബാളെ ഫിലിംസ് ഉടമ പറയുന്നു.