കഴിവുള്ളവർക്ക് കൂടുതൽ അവസരങ്ങൾ ലഭിക്കും, സൂര്യയെ സഞ്ജുവുമായി താരതമ്യം ചെയ്യരുത്: കപിൽ ദേവ്

മുംബൈ: സൂര്യകുമാർ യാദവിനെയും സഞ്ജു സാംസണെയും തമ്മിൽ താരതമ്യം ചെയ്യരുതെന്ന് കപിൽ ദേവ്. ഓസ്ട്രേലിയൻ പരമ്പരയിലെ മോശം പ്രകടനത്തിന് ശേഷം സൂര്യകുമാർ യാദവിന് ഇപ്പോൾ പിന്തുണ ആവശ്യമാണെന്നും ഫോമിലേക്ക് മടങ്ങിവരുമെന്നും കപിൽ ദേവ് പറഞ്ഞു. ഓസ്ട്രേലിയയ്ക്കെതിരായ ഏകദിന പരമ്പരയിലെ മൂന്നു മത്സരങ്ങളിലും ആദ്യ പന്തിൽ തന്നെ സൂര്യകുമാർ യാദവ് പുറത്തായിരുന്നു. കഴിവുള്ള ക്രിക്കറ്റ് താരങ്ങൾക്ക് കൂടുതൽ അവസരങ്ങൾ ലഭിക്കും. സൂര്യയെ സഞ്ജു സാംസണുമായി താരതമ്യം ചെയ്യരുത്, അത് ശരിയായ കാര്യമല്ല. സഞ്ജു അത്തരമൊരു മോശം ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നതെങ്കിൽ, നിങ്ങൾ മറ്റൊരാളുടെ പേര് പറയും. ഇത്തരം കാര്യങ്ങൾ സംഭവിക്കാൻ പാടില്ല. സൂര്യകുമാർ യാദവിനെ പിന്തുണയ്ക്കാൻ ബിസിസിഐ തീരുമാനിച്ചാൽ അദ്ദേഹത്തിന് കൂടുതൽ അവസരങ്ങൾ ലഭിക്കും. ആളുകൾ ഈ കാര്യങ്ങൾ ചർച്ച ചെയ്യുമെന്നത് ശരിയാണ്. അവരുടെ അഭിപ്രായങ്ങൾ പറയും. എന്നാൽ ഇക്കാര്യത്തിൽ തീരുമാനമെടുക്കേണ്ടത് ബിസിസിഐയാണെന്നും കപിൽ ദേവ് വ്യക്തമാക്കി. മത്സരത്തിന് ശേഷം എന്തും പറയാൻ എളുപ്പമാണ്. ഓസ്ട്രേലിയയ്ക്കെതിരായ മൂന്നാം ഏകദിനത്തിൽ സൂര്യകുമാർ യാദവിനെ ഏഴാമനായി ഉൾപ്പെടുത്തിയത് അദ്ദേഹത്തിന് ഫിനിഷറുടെ റോൾ നൽകാനാവും. ഏകദിന ക്രിക്കറ്റിൽ ബാറ്റിങ് ഓർഡറിൽ മാറ്റം വരുത്തുന്നത് പുതിയ കാര്യമല്ല. ബാറ്റിങിൽ താഴേക്ക് പോകേണ്ടി വരുമ്പോൾ ബാറ്റ്സ്മാന്‍റെ ആത്മവിശ്വാസം കുറഞ്ഞേക്കാമെന്നും കപിൽ ദേവ് പ്രതികരിച്ചു.

Related Posts