വിരാട് കോലി ഈഗോ വെടിയണമെന്ന് കപിൽ ദേവ്
ഈഗോ വെടിയണമെന്ന് വിരാട് കോലിയോട് കപിൽദേവ്. ക്യാപ്റ്റൻ സ്ഥാനത്തുനിന്നും ഒഴിഞ്ഞ കോലി യുവ ക്രിക്കറ്റർക്ക് കീഴിൽ കളിക്കാൻ തയ്യാറാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ടെസ്റ്റ് ക്യാപ്റ്റൻ സ്ഥാനത്തുനിന്നും ഒഴിയാനുള്ള കോലിയുടെ തീരുമാനം ഉചിതമാണ്. താൻ അതിനെ സ്വാഗതം ചെയ്യുന്നു. ക്യാപ്റ്റൻ പദവി കോലി ആസ്വദിച്ചിരുന്നതായി തോന്നുന്നില്ല. ഒഴിയാനുള്ള തീരുമാനവും കടുത്തതായിരിക്കണം. പദവി കോലിയിൽ അനാവശ്യമായ സമ്മർദത്തിന് കാരണമായിട്ടുണ്ട്.
ടി20 നായക പദവിയിൽ നിന്ന് രാജി പ്രഖ്യാപിച്ചതിനുശേഷം കോലിക്ക് കടുത്ത സമ്മർദം അനുഭവപ്പെട്ടിരുന്നതായി കപിൽ ദേവ് പറഞ്ഞു. പിന്നീട് സ്വതന്ത്രമായി കളിക്കാൻ കോലിക്ക് കഴിഞ്ഞിരുന്നില്ല. ടെസ്റ്റ് ക്യാപ്റ്റൻ ഭാരം കൂടി ഒഴിയുന്നതോടെ അദ്ദേഹത്തിൻ്റെ പ്രകടനം മെച്ചപ്പെടും.
കോലി ഈഗോ വെടിയണം. തല മുതിർന്ന കളിക്കാരനായ സുനിൽ ഗാവസ്കർ താരതമ്യേന ഇളയവനായ തൻ്റെ കീഴിൽ കളിച്ചിട്ടുണ്ടെന്ന് കപിൽദേവ് ഓർമപ്പെടുത്തി. താൻ ശ്രീകാന്തിനും അസറുദ്ദീനും കീഴിൽ കളിച്ചയാളാണ്. തനിക്ക് ഈഗോ ഉണ്ടായിരുന്നില്ല. ഈഗോ വെടിഞ്ഞ് യുവ കളിക്കാർക്ക് കീഴിൽ കളിക്കാൻ കോലി തയ്യാറാവണം. അത് അദ്ദേഹത്തിനും ഇന്ത്യൻ ക്രിക്കറ്റിനും ഗുണം ചെയ്യും. വിരാട് എന്ന പ്രതിഭാധനനായ ബാറ്റ്സ്മാനെ നമുക്ക് നഷ്ടപ്പെട്ടു കൂടാ. പുതിയ ക്യാപ്റ്റനും പുതിയ കളിക്കാർക്കും വഴികാട്ടിയാവാൻ കോലിക്ക് കഴിയുമെന്നും കപിൽദേവ് കൂട്ടിച്ചേർത്തു.