എന്ത് പദവിയുടെ ബലത്തിലാണ് രാഹുൽ അത് ചെയ്തത്?; രൂക്ഷവിമര്‍ശനവുമായി കപില്‍ സിബല്‍

ന്യൂഡല്‍ഹി: കോണ്‍ഗ്രസിന്റെ നേതൃത്വം ഗാന്ധി കുടുംബത്തില്‍ നിന്ന് മാറി മറ്റൊരാള്‍ക്ക് നല്‍കണമെന്ന് മുതിര്‍ന്ന നേതാവ് കപില്‍ സിബല്‍. പാര്‍ട്ടിയെ ഒരു വീട്ടില്‍ ഒതുക്കാനാണ് ചിലരുടെ ശ്രമം. പദവി രാജിവെച്ചിട്ടും രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷനെപ്പോലെ പെരുമാറുന്നു. പഞ്ചാബില്‍ രാഹുല്‍ ഗാന്ധി മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചത് ഏത് പദവിയുടെ ബലത്തിലാണെന്നും സിബല്‍ ചോദിച്ചു.

ഇടുങ്ങിയ ചിന്താഗതിക്കാരാണ് പാര്‍ട്ടി നേതൃത്വത്തിലിരിക്കുന്നതെന്നും അവര്‍ സാങ്കല്‍പ്പിക ലോകത്തിലാണെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ എട്ടുവര്‍ഷമായി ഇവര്‍ക്ക് പാര്‍ട്ടിയുടെ തകര്‍ച്ചയുടെ കാരണം അറിയില്ലെന്നും സിബല്‍ പറഞ്ഞു. അഞ്ച് സംസ്ഥാനങ്ങളിലെ കനത്ത തോല്‍വിയുടെ പശ്ചാത്തലത്തിലായിരുന്നു കപില്‍ സിബലിന്റെ പ്രതികരണം.

എല്ലാവരും ഇപ്പോഴും പറയുന്നു രാഹുല്‍ വീണ്ടും കോണ്‍ഗ്രസ് നേതൃത്വത്തിലേക്ക് വരണമെന്ന്. പക്ഷേ അത് തനിക്ക് ഒട്ടും മനസ്സിലാകുന്നില്ല. ഇത് പറയുന്നവര്‍ ഒന്നും ചിന്തിച്ചിട്ടില്ലെന്ന് വ്യക്തം. രാഹുല്‍ ഗാന്ധി കോണ്‍ഗ്രസിന്റെ അധ്യക്ഷനല്ലെന്നും അത് സോണിയാ ഗാന്ധിയാണെന്നും താന്‍ അനുമാനിക്കുന്നു. രാഹുല്‍ ഗാന്ധി പഞ്ചാബില്‍ പോയി ചരണ്‍ജിത് സിംഗ് ചന്നി മുഖ്യമന്ത്രിയാകുമെന്ന പ്രഖ്യാപനം നടത്തി. എന്ത് പദവിയുടെ ബലത്തിലാണ് അദ്ദേഹം അത് ചെയ്തത്?', കപില്‍ സിബല്‍ ചോദിച്ചു.

Related Posts