ലോകത്തിലെ ഏറ്റവും സുന്ദരനായ പുരുഷന് വിവാഹ വാർഷിക ആശംസകളുമായി കരീനകപൂർ
ഒമ്പതാം വിവാഹവാർഷിക ദിനത്തിൽ പങ്കാളി സെയ്ഫ് അലിഖാന് ആശംസകളുമായി കരീനകപൂർ ഖാൻ. ഇരുവരും ഒന്നിച്ചുള്ള ഒരു ത്രോബാക്ക് ചിത്രം പങ്കുവെച്ചു കൊണ്ടാണ് സെയ്ഫിന് കരീന ആശംസകൾ നേരുന്നത്. വർഷങ്ങൾക്കുമുമ്പ് ഗ്രീസിൽ വെച്ചാണ് ചിത്രം എടുത്തത്. യൂറോപ്പിൽ ഒഴിവുകാലം ആഘോഷിച്ച സുന്ദരദിനങ്ങളെ കുറിച്ചാണ് ബോളിവുഡിലെ ലേഡി സൂപ്പർതാരം പറയുന്നത്. ഒരു പാത്രം സൂപ്പും പിന്നെ ഞങ്ങളും എന്ന രസകരമായ അടിക്കുറിപ്പും ചിത്രത്തോടൊപ്പമുണ്ട്.
ഗ്രീസിലെ ആ ദിനങ്ങൾ തന്റെ ജീവിതത്തെ മാറ്റിമറിച്ചു എന്നാണ് കരീന പറയുന്നത്. ലോകത്തിലെ ഏറ്റവും സുന്ദരനായ പുരുഷൻ എന്നാണ് കരീന സെയ്ഫിനെ വിശേഷിപ്പിക്കുന്നത്. 'ഓംകാര', 'ഏജജന്റ് വിനോദ് ', 'കുർബാൻ' തുടങ്ങിയ ചിത്രങ്ങളിൽ ഒന്നിച്ചഭിനയിച്ച സെയ്ഫും കരീനയും പ്രണയത്തിലാവുന്നത് 'തഷാൻ' എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടയിലാണ്.
2012-ലാണ് ഇരുവരും വിവാഹിതരാവുന്നത്. തയ്മുർ, ജഹാംഗീർ എന്നീ രണ്ട് മക്കളാണ് താരങ്ങൾക്കുള്ളത്. അന്തരിച്ച നടൻ ഇർഫാൻ ഖാനൊപ്പമുള്ള 'അംഗ്രേസി മീഡിയം' ആണ് കരീനയുടെ ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. അമീർഖാന് ഒപ്പമുള്ള 'ലാൽ സിങ്ങ് ഛദ്ദ' റിലീസിന് ഒരുങ്ങുകയാണ്. 1994-ൽ പുറത്തിറങ്ങി അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധയാകർഷിച്ച ടോം ഹാങ്ക്സ് ചിത്രം 'ഫോറസ്റ്റ് ഗമ്പി'ന്റെ റീമേക്കാണ് ലാൽ സിങ്ങ് ഛദ്ദ. 'ഹണ്ടർ', 'ആദിപുരുഷ് ', ബണ്ടി ഔർ ബബ്ലി 2' എന്നിവയാണ് സെയ്ഫിന്റെ പുതിയ ചിത്രങ്ങൾ.