കർക്കിടക വാവ് ബലി; തിരുനാവായയിൽ ചടങ്ങുകൾ പുലർച്ചെ രണ്ടിന് ആരംഭിക്കും

മലപ്പുറം: തെക്കൻ കാശി എന്നറിയപ്പെടുന്ന മലപ്പുറം തിരുന്നാവായ നാവാ മുകുന്ദ ക്ഷേത്രത്തിൽ കർക്കിടക ബലിക്കുള്ള ഒരുക്കങ്ങൾ പൂർത്തിയായി. കഴിഞ്ഞ രണ്ട് തവണയും കൊവിഡ് സാഹചര്യത്തിൽ ബലിതർപ്പണ ചടങ്ങുകൾ ഉണ്ടായിരുന്നില്ല. പിതൃമോക്ഷപൂജകളും മറ്റ് വഴിപാടുകളും മാത്രം നടത്തിയാൽ മതിയെന്നും ബലിതർപ്പണം വീടുകളിൽ നടത്തണമെന്നും ക്ഷേത്രം അധികൃതർ നിർദേശം നൽകിയിരുന്നു. എന്നാൽ കൊവിഡ് കേസുകൾ കുറയുന്ന സാഹചര്യത്തിൽ ഈ വർഷം വിപുലമായ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെന്ന് ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫീസർ കെ പരമേശ്വരൻ പറഞ്ഞു. ത്രിമൂർത്തികളുടെ സംഗമസ്ഥാനം എന്നറിയപ്പെടുന്ന മലപ്പുറത്തെ തിരുനാവായ നാവാമുകുന്ദ ക്ഷേത്രം സംസ്ഥാനത്തെ ഒരു പ്രധാന തീർത്ഥാടന കേന്ദ്രമാണ്. പതിനായിരക്കണക്കിന് ആളുകൾ അവരുടെ പിതൃതർപ്പണത്തിനായി ഇവിടെ എത്തുന്നു. നിളയോട് ചേർന്നുള്ള നാവാമുകുന്ദ ക്ഷേത്രത്തിലാണ് ഭൂരിഭാഗം ആളുകളും യാഗങ്ങൾ ബലിയർപ്പിക്കാനായി എത്തുന്നത്. ബലിതർപ്പണ ചടങ്ങുകൾ 28ന് പുലർച്ചെ രണ്ടിന് ആരംഭിക്കും. ഉച്ചയ്ക്ക് രണ്ട് മണി വരെയാണ് ചടങ്ങുകൾ നടക്കുക. ക്ഷേത്രത്തിലെ 16 കർമികൾ ചടങ്ങുകൾക്ക് നേതൃത്വം നൽകും.

Related Posts