കർക്കിടകവും പത്തിലത്തോരനും

മലയാള മാസങ്ങളിൽ വളരെ പ്രാധാന്യമുള്ള ഒരു മാസമാണ് കർക്കിടകം. രാമായണ മാസമായാണ് ഇത് ആചരിക്കുന്നത്. ആയുർവേദവിധിപ്രകാരം ശരീരത്തിന് ബലവും രോഗപ്രതിരോധ ശേഷിയും ആർജിക്കുവാൻ ഏറ്റവും നല്ല കാലമാണ് കർക്കിടകം. ഔഷധങ്ങൾ ഫലപ്രദമായി പ്രവർത്തിക്കുന്ന സമയം കൂടിയാണിത്. കർക്കിടകത്തിൻ്റെ ആദ്യത്തെ ഒരാഴ്ച വളരെ വിശേഷപ്പെട്ടതാണ്. രണ്ടു സന്ധ്യകളിലും വിളക്ക് വെക്കുകയും മുക്കുറ്റി ചാലിച്ച് നെറ്റിയിൽ തൊടുകയും ചെയ്യും. ഇങ്ങനെ ഒരുപാട് വിശേഷങ്ങൾ കർക്കിടകത്തിൽ ഉണ്ട്, അതിൽപ്പെട്ട ഒന്നാണ് മുപ്പട്ട്‌ വെള്ളിയാഴ്ച്ച പത്തിലത്തോരൻ വെക്കുന്നത്. പത്തു വ്യത്യസ്ത ഇലകളാണ് ഇതിനു വേണ്ടി ഉപയോഗിക്കുന്നത്. ഇത് ആരോഗ്യത്തിന് ഏറെ നല്ലതാണ്. പത്ത്‌ തരം ചെടികളുടെ മൂപ്പെത്താത്ത ഇലകൾ ചെറുതായി നുറുക്കി ചിരകിയ തേങ്ങയും മറ്റു ചേരുവകളും ചേർത്ത് തോരൻ വെക്കുന്നതിനാണ് പത്തിലത്തോരൻ എന്ന് പറയുന്നത്. ഇതിനായി ഉപയോഗിക്കുന്ന ഇലകൾ ഏതാണെന്ന് നോക്കാം.

  1. തഴുതാമ

ആയുർവേദത്തിൽ പൊതുവെ ഉപയോഗിക്കുന്ന ഒന്നാണ് തഴുതാമ. ഇതിൻ്റെ ഇലയും ഇളം തണ്ടും ഉപയോഗ യോഗ്യം ആണ്. കരൾ ആരോഗ്യത്തിന് ഇത് ഉത്തമമാണ്. ഇതിൽ ധാരാളം പൊട്ടാസിയം നൈട്രേറ്റ് അടങ്ങിയത് കൊണ്ട് ഇത് മൂത്രവിസർജനം ശക്തിപ്പെടുത്തുന്നു. സന്ധികളിൽ ഉണ്ടാകുന്ന നീരിനും വേദനക്കും ഉത്തമ ഔഷധമാണിത്.

2. താള്

കാൽസ്യം, ഫോസ്‌ഫറസ്‌, ഇരുമ്പ്, പൊട്ടാസിയം എന്നിവയാൽ സമ്പന്നമാണ് താള്. തൊലി നീക്കിയ ഇളം ഇലത്തണ്ടുകളും വിടരാത്ത ഇലകളും ഉപയോഗിക്കാം.

3. തകര

ഒരുപാട് ഔഷധഗുണങ്ങൾ ഇതിനുണ്ട്. ത്വക്ക് രോഗങ്ങൾ ശ്വാസകോശ രോഗങ്ങൾ അലർജി എന്നിവ നിയന്ത്രിക്കുന്നതിനും ദഹന ശേഷി കൂട്ടുന്നതിനും ഇത് നല്ലതാണ്.

4. ചേന

ധാതുക്കൾ, വിറ്റാമിനുകൾ, പ്രോട്ടീൻ, കാൽസ്യം ഫോസ്‌ഫറസ്‌, ഭക്ഷ്യനാരുകൾ എന്നിവ ഇതിൽ അടങ്ങിയിട്ടുണ്ട്. എല്ലുകളുടെ ആരോഗ്യത്തിന് ഉത്തമമാണിത്. സന്ധി വേദനകൾക്കും എല്ലുതേയ്‌മാനത്തിനുമെല്ലാം ഈ ഇലക്കറി മികച്ചതാണ്.

5. ചേമ്പില

ഇതിലെ നാരുകൾ ദഹനത്തിന് വളരെ സഹായിക്കുന്നു. ഇത് താളില എന്നും അറിയപ്പെടുന്നു. രക്ത ശുദ്ധി വരുത്തുന്നതിനും രക്ത സ്രാവം നിയന്ത്രിക്കുന്നതിനും ഇത് ഉത്തമമാണ്. ഇതിൽ ധാരാളം മാംസ്യവും അടങ്ങിയിട്ടുണ്ട്.

6. ആനക്കൊടിത്തുമ്പ

ചൊറിയണം എന്നറിയപ്പെടുന്ന ഇത് രക്തശുദ്ധിക്കും ശരീരത്തിലെ നീർക്കെട്ടിനുമെല്ലാം നല്ല മരുന്നാണ്. ആർത്തവ സംബന്ധമായ പ്രശ്നങ്ങൾക്ക് അത്യുത്തമമാണ് ഇത്.

7. നെയ്യുണ്ണി

ദുർമേദസ്സ് ,നീര്, പനി, ചുമ, ത്വക്ക് രോഗങ്ങൾ എന്നിവയ്ക്ക് നല്ലതാണിത്. മൂക്കാത്ത ഇലകൾ തോരനായി ഉപേയാഗിക്കാം.

8. മത്തൻ

കാൽസ്യം, ഫോസ്‌ഫറസ്‌, ധാതുക്കൾ, വൈറ്റമിനുകൾ എന്നിവ അടങ്ങിയിരിക്കുന്ന മത്തനില ദഹനത്തിന് സഹായിക്കുന്നു.വാത കഫ പിത്ത ദോഷങ്ങൾ നിയന്ത്രിക്കും.

9. കുമ്പളം

ഭക്ഷ്യനാരുകൾ, ധാതുലവണങ്ങൾ എന്നിവ ധാരാളമുള്ള കുമ്പളനില ദഹനവ്യൂഹം ശുദ്ധമാക്കും.

10. പയറില

ഇതിന് ടോക്‌സിനുകൾ നീക്കം ചെയ്യുന്നതിനുള്ള കഴിവുണ്ട്.ഇത് ശരീരശുദ്ധിക്ക് ഉത്തമമാണ്.കരൾവീക്കം, ദഹനക്കുറവ്, നേത്രരോഗങ്ങൾ എന്നിവയ്ക്ക് പയറില നല്ലതാണ്. ഇത് ശരീരത്തിലെ താപനില നിയന്ത്രിക്കുന്നു.

Related Posts