കാവിക്കൊടി ഭാവിയിൽ ദേശീയ പതാകയായി മാറുമെന്ന് കർണാടക ബി ജെ പി നേതാവ്
കാവിക്കൊടി ഭാവിയിൽ ദേശീയ പതാകയായി മാറുമെന്ന് മുതിർന്ന ബി ജെ പി നേതാവും കർണാടക ഗ്രാമവികസന, പഞ്ചായത്തീരാജ് മന്ത്രിയുമായ കെ എസ് ഈശ്വരപ്പ. ത്രിവർണ പതാകയാണ് ഇപ്പോൾ രാജ്യത്തിൻ്റെ ദേശീയ പതാകയെന്നും എല്ലാവരും അതിനെ ആദരിക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നൂറുകണക്കിന് വർഷം മുമ്പ് ശ്രീരാമചന്ദ്രന്റെയും മാരുതിയുടെയും രഥങ്ങളിൽ കാവി പതാക ഉണ്ടായിരുന്നു. അന്ന് നമ്മുടെ നാട്ടിൽ ത്രിവർണ പതാക ഉണ്ടായിരുന്നില്ല. ഇപ്പോഴത് നമ്മുടെ ദേശീയ പതാകയായി നിശ്ചയിച്ചിരിക്കുന്നു. എന്ത് ബഹുമാനമാണ് അതിന് നൽകേണ്ടത്. നമ്മുടെ രാജ്യത്ത് അന്നം കഴിക്കുന്ന ഓരോ വ്യക്തിയും അതിനെ ആദരിക്കണം. അതേപ്പറ്റി ഒരു തർക്കവും ഇല്ലെന്ന് ഈശ്വരപ്പ പറഞ്ഞു. ചെങ്കോട്ടയിൽ കാവി പതാക ഉയർത്താനാകുമോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് ഇന്നല്ല, ഭാവിയിൽ ഒരു ദിവസം എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.
ഇന്ന് രാജ്യത്ത് 'ഹിന്ദു വിചാര', 'ഹിന്ദുത്വ' തുടങ്ങിയ ചർച്ചകൾ നടക്കുന്നു. അയോധ്യയിൽ രാമക്ഷേത്രം നിർമിക്കുമെന്ന് പറഞ്ഞപ്പോൾ ആളുകൾ ഒരു ഘട്ടത്തിൽ ചിരിച്ചു. ഞങ്ങൾ അത് യാഥാർഥ്യമാക്കിയില്ലേ. അതുപോലെ ഭാവിയിൽ, നൂറ് അല്ലെങ്കിൽ ഇരുന്നൂറ് അതുമല്ലെങ്കിൽ അഞ്ഞൂറ് വർഷത്തിന് ശേഷം കാവിക്കൊടി ദേശീയ പതാകയായി മാറിയേക്കാമെന്ന് ഈശ്വരപ്പ പറഞ്ഞു.