ഹിജാബ് ധരിച്ചും കാവി നിറമുള്ള ഷാളുകൾ അണിഞ്ഞും കുട്ടികൾ വിദ്യാലയങ്ങളിൽ വരരുതെന്ന് കർണാടക ആഭ്യന്തര മന്ത്രി
ഹിജാബ് ധരിച്ചും കാവി നിറത്തിലുള്ള ഷാളുകൾ അണിഞ്ഞും കുട്ടികൾ സ്കൂളുകളിലും കോളെജുകളിലും വരരുതെന്ന് കർണാടക ആഭ്യന്തര മന്ത്രി അരാഗ ജ്ഞാനേന്ദ്ര. രാജ്യത്തിൻ്റെ ഐക്യത്തിന് തുരങ്കം വെയ്ക്കുന്ന മത തീവ്രവാദ സംഘടനകളെ ജാഗ്രതയോടെ നിരീക്ഷിക്കണമെന്ന് അദ്ദേഹം പൊലീസിന് നിർദേശം നൽകി.
എല്ലാ വിഭാഗം വിദ്യാർഥികളും ഒരുമിച്ചിരുന്ന് പഠിക്കേണ്ട പൊതു ഇടങ്ങളാണ് വിദ്യാലയങ്ങൾ എന്ന് ആഭ്യന്തര മന്ത്രി പറഞ്ഞു. തങ്ങളുടെ മതം ആചരിക്കാൻ ആരും വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ വരേണ്ടതില്ല.
ഉഡുപ്പിയിലെ സർക്കാർ പ്രീ-യൂണിവേഴ്‌സിറ്റി കോളെജിൽ ചില വിദ്യാർഥിനികൾ ഹിജാബ് ധരിച്ച് എത്തിയതിനെ ചൊല്ലിയുള്ള വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് ആഭ്യന്തര മന്ത്രിയുടെ പരാമർശം.