കോണ്‍ഗ്രസ് അധികാരത്തില്‍ വന്നാല്‍ ഹിന്ദുക്കളും ഹിജാബ് ധരിക്കേണ്ടിവരുമെന്ന് കര്‍ണാടക മന്ത്രി സുനില്‍ കുമാര്‍
ബംഗളൂരു: കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ ഹിന്ദുക്കള്‍ ഹിജാബ് ധരിക്കാന്‍ ആവശ്യപ്പെടുന്ന നിയമം കൊണ്ടുവരാന്‍ സാധ്യതയുണ്ടെന്ന് കര്‍ണാടക ഊര്‍ജ മന്ത്രി സുനില്‍ കുമാര്‍. സിദ്ധരാമയ്യയും കോണ്‍ഗ്രസും ഇത്തരം മാനസികാവസ്ഥയില്‍ നിന്ന് കരകയറണമെന്നും അദ്ദേഹം പറഞ്ഞു.
കോണ്‍ഗ്രസിന് ജനവിധി ലഭിച്ചാല്‍ എല്ലാ ഹിന്ദുക്കളും ഹിജാബ് ധരിക്കണമെന്ന നിയമം പോലും വന്നേക്കാം. സിദ്ധരാമയ്യയും കോണ്‍ഗ്രസും ഇത്തരം മാനസികാവസ്ഥയില്‍ നിന്ന് കരകയറണം. ഇന്നലെ ഡികെ ശിവകുമാര്‍ കൊടി നീക്കം ചെയ്തുവെന്ന തെറ്റായ ആരോപണങ്ങള്‍ ഉന്നയിച്ചു. തെറ്റായ പ്രസ്താവനകളുമായി ഇപ്പോഴും കോണ്‍ഗ്രസ് മുന്നോട്ടുപോകുകയാണെന്ന് അദ്ദേഹം പറഞ്ഞു. ഹിജാബിനോടോ, കാവി ഷാള്‍ ധരിക്കുന്നതിനോടോ അനുകൂലമല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇന്ന് ചേരുന്ന കര്‍ണാടക മന്ത്രിസഭായോഗം ഇക്കാര്യം വിലയിരുത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇന്നലെ സംസ്ഥാനത്ത് ഹിജാബുമായി ഉണ്ടായ സംഘര്‍ഷങ്ങള്‍ക്കിടെ മുഖ്യമന്ത്രിയുമായി ആഭ്യന്തരമന്ത്രി കൂടിക്കാഴ്ച നടത്തിയിരുന്നു.
ഏത് വസ്ത്രം ധരിക്കണമെന്ന് തീരുമാനിക്കേണ്ടത് ധരിക്കുന്ന വ്യക്തിയാണ് എന്ന് കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി പറഞ്ഞു. ഹിജാബ് ആകട്ടെ, ജീന്‍സ് ആകട്ടെ, ബിക്കിനി ആകട്ടെ... ഏത് വസ്ത്രം ധരിക്കണമെന്ന് തീരുമാനിക്കുന്നത് സ്ത്രീയുടെ അവകാശമാണ്. അതിന് ഇന്ത്യന്‍ ഭരണഘടന അനുമതി നല്‍കുന്നുണ്ട്. സ്ത്രീയെ പീഡിപ്പിക്കുന്നത് നിര്‍ത്തണമെന്നും പ്രിയങ്ക ആവശ്യപ്പെട്ടു.