ഹലാൽ മാംസം നിരോധിക്കാൻ കർണാടക; നിയമസഭയിൽ ബിൽ അവതരിപ്പിക്കും
ബെംഗളൂരു: കർണാടക സർക്കാർ ഹലാൽ മാംസം നിരോധിക്കാൻ ഒരുങ്ങുന്നു. ഹലാൽ മാംസ നിരോധനം സംബന്ധിച്ച് നിയമസഭയിൽ ബിൽ അവതരിപ്പിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. സ്കൂളുകളിലും കോളേജുകളിലും ഹിജാബ് ധരിക്കുന്ന വിദ്യാർത്ഥികൾക്ക് വിലക്കേർപ്പെടുത്തിയതുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടെയാണ് നടപടി. അംഗീകാരമില്ലാത്ത എല്ലാ ഭക്ഷണങ്ങളും നിരോധിക്കണമെന്ന് ബിജെപി എംഎൽഎ രവി കുമാർ ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്സ് അതോറിറ്റി ഓഫ് ഇന്ത്യയോട് ആവശ്യപ്പെട്ടു. അടുത്ത മേയിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ബിജെപി സർക്കാരിന്റെ പുതിയ നീക്കം. തിങ്കളാഴ്ചയാണ് നിയമസഭാ സമ്മേളനം ആരംഭിച്ചത്. ഇത് സ്വകാര്യ ബില്ലായി നിയമസഭയിൽ അവതരിപ്പിക്കാനാണ് നീക്കം. ഇത് സംബന്ധിച്ച് രവികുമാർ ഗവർണർക്ക് കത്തയച്ചിട്ടുണ്ട്. മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയും എം.എൽ.എമാരും ബിൽ അവതരിപ്പിക്കാൻ അനുമതി നൽകി. തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ ബിജെപി ഹിന്ദുത്വ കാർഡ് ഇറക്കി കളിക്കുകയാണെന്ന് പ്രതിപക്ഷ പാർട്ടികൾ ആരോപിച്ചു. ബിൽ അവതരിപ്പിക്കാൻ അനുവദിക്കരുതെന്ന് സ്പീക്കറോട് അഭ്യർത്ഥിക്കുമെന്ന് പ്രതിപക്ഷ നേതാവ് ബി കെ ഹരിപ്രസാദ് പറഞ്ഞു. അഴിമതി മൂടിവച്ച് ജനങ്ങൾ നേരിടുന്ന പ്രശ്നങ്ങളിൽ നിന്ന് ഒളിച്ചോടാനാണ് ബി.ജെ.പി ശ്രമിക്കുന്നത്. തിരഞ്ഞെടുപ്പിന് മുന്നോടിയായി ജനങ്ങളെ ഭിന്നിപ്പിക്കാനാണ് ഹലാലിനെതിരായ ബിൽ അവതരിപ്പിക്കുന്നതെന്ന് കോൺഗ്രസ് ആരോപിച്ചു.