അഭിനയ ജീവിതത്തിൽ ഒന്നര പതിറ്റാണ്ട് പൂർത്തിയാക്കി കാർത്തി; പരുത്തിവീരൻ നൽകിയ ജീവിതമെന്ന് ഇൻസ്റ്റഗ്രാം പോസ്റ്റ്
അഭിനയ ജീവിതത്തിൽ പതിനഞ്ച് വർഷം പൂർത്തിയാക്കിയതിൻ്റെ സന്തോഷം പങ്കുവെച്ച് പ്രശസ്ത തമിഴ് നടൻ കാർത്തി. അമീർ സംവിധാനം ചെയ്ത പരുത്തിവീരൻ എന്ന ചിത്രത്തിലൂടെയാണ് നടനും നിർമാതാവുമായ ശിവകുമാറിൻ്റെ മകനും നടൻ സൂര്യയുടെ ഇളയ സഹോദരനുമായ കാർത്തി സിനിമയിൽ എത്തുന്നത്.
മധുരയിലും പരിസര പ്രദേശങ്ങളിലുമായി ചിത്രീകരിച്ച പരുത്തിവീരൻ 2007 ഫെബ്രുവരി 23-നാണ് റിലീസ് ചെയ്യുന്നത്. ബെർലിൻ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ ഉൾപ്പെടെ പ്രദർശിപ്പിച്ച ചിത്രം ദേശീയ- അന്തർദേശീയ ബഹുമതികൾ കരസ്ഥമാക്കി. മുത്തഴക് എന്ന കഥാപാത്രത്തെ അവതരിപ്പിച്ച പ്രിയാമണി ആ വർഷത്തെ മികച്ച നടിക്കുള്ള ദേശീയ പുരസ്കാരം നേടി. തമിഴ്നാട്ടിലെ പ്രദർശന ശാലകളിൽ ഒരു വർഷം തുടർച്ചയായി പ്രദർശിപ്പിച്ച ചരിത്രവും പരുത്തിവീരനുണ്ട്.
പരുത്തിവീരന് ശേഷമുള്ള പതിനഞ്ച് വർഷങ്ങൾ എന്ന തലക്കെട്ടോടെയാണ് കാർത്തിയുടെ ഇൻസ്റ്റഗ്രാം പോസ്റ്റ്. പരുത്തിവീരനിലൂടെ അഭിനയ ജീവിതം ആരംഭിക്കാനായത് വലിയ അനുഗ്രഹമായി. ചിത്രത്തിൽ തൻ്റെ കഥാപാത്രം വിജയിച്ചതിൻ്റെ മുഴുവൻ ക്രെഡിറ്റും സംവിധായകനായ അമീർ സാറിനാണ്. കഥാപാത്രത്തിൻ്റെ ഓരോ ചലനങ്ങളും അദ്ദേഹം പറഞ്ഞുതന്ന പ്രകാരം ചെയ്തതാണ്. അഭിനയത്തിൻ്റെ ബാലപാഠങ്ങൾ അഭ്യസിച്ചത് അദ്ദേഹത്തിൽ നിന്നാണ്. പതിനഞ്ച് വർഷം തികച്ച അഭിനയ ജീവിതം സാർഥകമാക്കിയ എല്ലാവരോടും നന്ദി പറഞ്ഞു കൊണ്ടാണ് കാർത്തിയുടെ പോസ്റ്റ് അവസാനിക്കുന്നത്.