'കരുതൽ 2022'  ഏകദിന ശിൽപശാല സംഘടിപ്പിച്ചു

സംസ്ഥാനത്തെ ഗിരിവർഗ മേഖലയിലെ കുട്ടികളുടെ വിദ്യാഭ്യാസം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ കേരള സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്റെ നേതൃത്വത്തിൽ 'കരുതൽ 2022' ഏകദിന ശിൽപശാല  സംഘടിപ്പിച്ചു. അതിരപ്പിളളി പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ നടന്ന പരിപാടിയുടെ ഉദ്ഘാടനം കേരള ബാലാവകാശ  സംരക്ഷണ കമ്മീഷൻ ചെയർപേഴ്സൺ കെ വി മനോജ് കുമാർ നിർവഹിച്ചു.

ആദിവാസി മേഖലയിലെ കുട്ടികൾ നേരിടുന്ന നിരവധി പ്രശ്നങ്ങൾക്ക് പരിഹാരം കാണുക എന്ന ലക്ഷ്യത്തോടെയാണ് ഇത്തരം പരിപാടികൾ സംഘടിപ്പിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.  വിദ്യാഭ്യാസ മേഖലയിൽ നിന്ന് കുട്ടികളുടെ കൊഴിഞ്ഞ് പോക്ക് തടയുക, ശൈശവ വിവാഹങ്ങൾക്കെതിരെ ബോധവൽക്കരണം നടത്തുക, ലൈംഗിക അതിക്രമങ്ങളിൽ നിന്ന് കുട്ടികളെ മോചിപ്പിക്കുക, ബാലവേല തടയുക, ലഹരി വസ്തുക്കളുടെ ഉപയോഗത്തിൽ നിന്ന് കുട്ടികളെ മോചിപ്പിക്കുക, ബാലാവകാശത്തെ കുറിച്ച് കുട്ടികളെയും മാതാപിതാക്കളെയും ബോധവൽക്കരിക്കുക എന്നിവയാണ് പരിപാടിയിലൂടെ ലക്ഷ്യം വയ്ക്കുന്നത്.   സംസ്ഥാനത്തെ തിരഞ്ഞെടുത്ത ആദിവാസി ഊരുകളിൽ ആണ് കരുതൽ 2022 പരിപാടി സംഘടിപ്പിക്കുന്നത്.  അതിരപ്പിള്ളി  മേഖലയിൽ നിന്ന് 200 കുട്ടികൾ ശിൽപശാലയിൽ പങ്കെടുത്തു. 

ഗോത്രവർഗ വിഭാഗത്തിലെ കുട്ടികളുടെ ആരോഗ്യം, സുരക്ഷ, വിദ്യാഭ്യാസം, ലഹരിക്ക് എതിരെയുള്ള ബോധവൽക്കരണം തുടങ്ങിയ വിഷയങ്ങളിൽ  സെമിനാറുകളും നടത്തി. കേരള സംസ്ഥാന ബാലാവകാശ കമ്മീഷൻ, തൃശൂർ ജില്ല ശിശു  സംരക്ഷണ യൂണിറ്റ്, അതിരപ്പിള്ളി ഗ്രാമപഞ്ചായത്തും സംയുക്തമായാണ് ശിൽപശാല  സംഘടിപ്പിച്ചത്.

പരിപാടിയിൽ തൃശൂർ ജില്ല ശിശു സംരക്ഷണ ഓഫീസർ പി ജി മഞ്ജു, കേരള സംസ്ഥാന ബാലാവകാശ കമ്മീഷൻ അംഗങ്ങളായ ഫാദർ ഫിലിപ്പ് പരക്കാട്ട്, പി പി ശ്യാമള ദേവി, അതിരപ്പിള്ളി പഞ്ചായത്ത് പ്രസിഡൻ്റ് കെ കെ  റിജേഷ്, ചൈൽഡ് വെൽഫെയർ കമ്മിറ്റി അംഗങ്ങൾ, പൊലീസ്, ഫോറസ്റ്റ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

Related Posts