പുത്തന്‍പീടികയില്‍ കാരുണ്യഭവന്‍ തുറന്നു
തൃശൂർ: വാര്‍ധക്യവും ഗുരുതരരോഗങ്ങളും മൂലം ചികിത്സ ഫലപ്രദമല്ലാത്തവര്‍ക്കുള്ള സാന്ത്വനപരിചരണത്തിനായി ജനപങ്കാളിത്തത്തോടെ നിർമിച്ച പുത്തന്‍പീടിക കാരുണ്യ വെല്‍ഫെയര്‍ ആന്‍ഡ് ചാരിറ്റബള്‍ സൊസൈറ്റി നിര്‍മിച്ച കാരുണ്യഭവന്‍ മന്ത്രി കെ രാജന്‍ ഉദ്ഘാടനം ചെയ്തു. കാരുണ്യഭവന്റെ ഭാഗമായി പ്രവര്‍ത്തനമാരംഭിച്ച പാലിയേറ്റീവ് ക്ലിനിക്കിന്റെ ഉദ്ഘാടനം ടി എന്‍ പ്രതാപന്‍ എംപിയും നിര്‍വഹിച്ചു.
ചിറമേല്‍ പടിഞ്ഞാറത്തല കുടുംബാഗങ്ങള്‍ സൗജന്യമായി നല്‍കിയ സ്ഥലത്ത് 2000 ചതുരശ്ര അടി വിസ്തൃതിയില്‍ നിര്‍മിച്ച കാരുണ്യഭവന്റെ ഒന്നാം നില ജെഎസ്ഡബ്ല്യു സിമന്റിന്റെ സിഎസ്ആര്‍ ഫണ്ട് ഉപയോഗിച്ചാണ് നിര്‍മിച്ചത്. രണ്ടാം നിലയാണ് ജനപങ്കാളിത്തത്തോടെ നിര്‍മിച്ചത്.
9 വര്‍ഷമായി അന്തിക്കാട്, താന്ന്യം, ചാഴൂര്‍, മണലൂര്‍ ഗ്രാമപഞ്ചായത്തുകളിലായാണ് കാരുണ്യ വെല്‍ഫെയര്‍ ആന്‍ഡ് ചാരിറ്റബള്‍ സൊസൈറ്റി സാന്ത്വനപരിചരണം നടത്തി വരുന്നത്. ഈ പ്രദേശങ്ങളിലെ കിടപ്പുരോഗികള്‍ക്ക് വീടുകളിലെത്തി പരിചരണം നല്‍കുന്നതിന് പുറമെ സാമ്പത്തികമായി പിന്നോക്കക്കാരായ രോഗികളുടെ കുടുംബങ്ങള്‍ക്ക് മാസം തോറും ഭക്ഷ്യക്കിറ്റും മരുന്നുകളും കുട്ടികളുടെ വിദ്യാഭ്യാസത്തിന് വേണ്ട സഹായങ്ങളും നൽകി വരുന്നു. പുറമെ കത്തീറ്റര്‍ മാറ്റല്‍, വീല്‍ ചെയര്‍ തുടങ്ങിയ ഉപകരണങ്ങള്‍ നല്‍കല്‍, രക്തദാന ക്യാമ്പുകള്‍ എന്നിവയും സംഘടിപ്പിച്ച് വരുന്നുണ്ട്. പുത്തന്‍പീടികയില്‍ ജന്‍ഔഷധി സ്‌റ്റോറും നടത്തിവരുന്നു.
കോവിഡ്ക്കാലത്ത് ആരംഭിച്ച ഡയാലിസിസ് സഹായനിധിയിലൂടെ നുറോളം വൃക്കരോഗികള്‍ക്കും സഹായമെത്തിക്കാനായി. കാര്‍ഡിയാക് ക്ലിനിക്, മാമോഗ്രാം യൂണിറ്റ്, ജനകീയ ലാബ്, പകല്‍വീട്, ഫിസിയോതെറാപ്പി യൂണിറ്റ് എന്നിവ ആരംഭിക്കാനും പദ്ധതിയുണ്ട്.
സി സി മുകുന്ദന്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. ഫാ.ഡേവിസ് ചിറമേല്‍, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീന പറയങ്ങാട്ടില്‍, അന്തിക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി കെ കൃഷ്ണകുമാര്‍, അന്തിക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജ്യോതിരാമന്‍, ഗ്രാമപഞ്ചായത്തംഗം മിനി ആന്റോ, ജെഎസ്ഡബ്ല്യു സിമന്റ് കേരളാ ഹെഡും എവിപിയുമായ ജോവി ജോസഫ്, കാരുണ്യ സെക്രട്ടറി ശ്രീ മുരുഗന്‍ അന്തിക്കാട് തുടങ്ങിയവര്‍ പങ്കെടുത്തു.