കാര്യവട്ടം ട്വന്റി-ട്വന്റി സുരക്ഷാ ക്രമീകരണങ്ങൾ; കുട, കരിങ്കൊടി എന്നിവയ്‌ക്കെല്ലാം വിലക്ക്
തിരുവനന്തപുരം: ബുധനാഴ്ച കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടക്കുന്ന ഇന്ത്യ-ദക്ഷിണാഫ്രിക്ക 20-20 ക്രിക്കറ്റ് മത്സരത്തിന് മുന്നോടിയായി വിപുലമായ സുരക്ഷാ ക്രമീകരണങ്ങളും ഗതാഗത നിയന്ത്രണങ്ങളും ഏർപ്പെടുത്തിയതായി സിറ്റി പോലീസ് കമ്മീഷണർ ഐജി ജി സ്പർജൻ കുമാർ. സുരക്ഷ ഒരുക്കുന്നതിനായി സിറ്റി പൊലീസ് കമ്മീഷണറുടെ നേതൃത്വത്തിൽ 1,650 പോലീസുകാരെ വിന്യസിച്ചിട്ടുണ്ട്. വൈകുന്നേരം 4.30 മുതൽ മാത്രമേ കാണികൾക്ക് പ്രവേശനം അനുവദിക്കൂ. മത്സരം കാണാൻ വരുന്നവർ പാസിനൊപ്പം തിരിച്ചറിയൽ കാർഡും കരുതണം. പ്ലാസ്റ്റിക് കുപ്പി, മദ്യക്കുപ്പി, വടി, കൊടിതോരണങ്ങൾ, കുട, കരിങ്കൊടി, എറിയാവുന്ന വസ്തുക്കൾ, പടക്കം, ബീഡി, സിഗരറ്റ്, തീപ്പെട്ടി മുതലായവ സ്റ്റേഡിയത്തിനുള്ളിൽ കൊണ്ടുപോകാൻ പാടില്ല. ഗെയിം കാണാൻ വരുന്നവർക്ക് മൊബൈൽ ഫോണുകൾ മാത്രമേ അകത്തേക്ക് കൊണ്ടുപോകാൻ കഴിയൂ. മദ്യലഹരിയിലോ മറ്റ് ലഹരി ഉപയോഗിച്ചോ വരുന്നവരെ ഒരു കാരണവശാലും സ്റ്റേഡിയത്തിനുള്ളിൽ പ്രവേശിപ്പിക്കില്ല. കൂടാതെ, ഭക്ഷ്യവസ്തുക്കളും വെള്ളവും പുറത്തുനിന്ന് കൊണ്ടുവരാൻ അനുവദിക്കില്ല. കാണികളുടെ ഇരിപ്പിടത്തിനടുത്ത് തന്നെ ഭക്ഷ്യവസ്തുക്കൾ ലഭ്യമാകും.